എടക്കര: പോത്തുകല്ലില്‍ മഞ്ഞപ്പിത്തം വ്യാപനം രൂക്ഷമാകാന്‍ കാരണം ആരോഗ്യവകുപ്പ് അധികൃതരുടെ ജാഗ്രതക്കുറവ്. ജനുവരി മുതല്‍ പോത്തുകല്ലില്‍ ഒറ്റപ്പെട്ട മഞ്ഞപ്പിത്തം ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ പത്തോളം കേസുകളാണ് ഉണ്ടായത്. തുടര്‍ന്ന് ഫെബ്രുവരി ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. ഇപ്പോള്‍ നൂറിനടുത്ത് ആളുകള്‍ക്കു പോത്തുകല്ലില്‍ മഞ്ഞപ്പിത്തം പിടിപ്പെട്ടിട്ടുണ്ട്.
പഞ്ചായത്തില്‍ അമ്പതിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. പോത്തുകല്‍ ടൗണിലെ ഹോട്ടല്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും നോട്ടീസ് വിതരണം, ക്ലോറിനേഷന്‍, ബോധവത്ക്കരണ അനൗണ്‍സ്മെന്‍റ് തുടങ്ങിയവ സംഘടിപ്പിക്കുകയുമാണ് ചെയ്തത്.
ടൗണിലെ കിണറുകളില്‍ നടത്തിയ പരിശോധനകളില്‍ ഭൂരിഭാഗം കിണറുകളിലെയും ജലം മലിനമാണെന്ന് കണ്ടെത്തിയിരുന്നു. ഇവ ക്ലോറിനേഷന്‍ നടത്തുകയും ശുദ്ധമായ ജലം പുറത്തുനിന്ന് കൊണ്ടുവന്നു ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇവ കൊണ്ടൊന്നും മഞ്ഞപ്പിത്തം വ്യാപനം കുറഞ്ഞില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വെള്ളി മുതല്‍ ഞായര്‍ വരെയുള്ള മൂന്നു ദിവസങ്ങളില്‍ ഹോട്ടലുകളും കൂള്‍ബാറുകളും പഞ്ചായത്ത് അധികൃതര്‍ അടപ്പിക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് എടക്കര പഞ്ചായത്തിലെ പൊട്ടന്‍തരിപ്പ സ്വദേശി സാരംഗിയില്‍ സജിത്ത്(47) മഞ്ഞപ്പിത്ത ബാധയെത്തുര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. സജിത്തിന്‍റെ ഭാര്യയെയും രണ്ടു മക്കളെയും മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജിത്ത് മരണപ്പെട്ട ശേഷമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാള്‍ക്ക് മഞ്ഞപ്പിത്തം ബധിച്ചിരുന്നുവെന്ന് അറിയുന്നത്. ഞായറാഴ്ച വൈകിട്ട് ഞെട്ടിക്കുളം സ്വദേശി പുളിക്കത്തറ മാത്യു ഏബ്രഹാം എന്ന പൊന്നച്ചനും(60) മഞ്ഞപ്പിത്തത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.
കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പോത്തുകല്‍ സ്വദേശികളായ മഞ്ഞപ്പിത്ത ബാധിതര്‍ കഴിയുന്നുമുണ്ട്. നിരവധി പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും പച്ചമരുന്ന് ചികിത്സ നടത്തിയവരുമായുണ്ട്.
രോഗവ്യാപനം വരും ദിവസങ്ങളില്‍ കൂടാന്‍ സാധ്യത വളരെയേറെയാണ്. മഞ്ഞപ്പിത്ത ബാധയ്ക്ക് പുറമെ ഡെങ്കി പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ഊര്‍ജിതമാക്കിയിരുന്നുവെങ്കില്‍ മഞ്ഞപ്പിത്ത വ്യാപനം തടയാമായിരുന്നു.






