വടകര: ഉദ്യോഗാർത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സഹായകമാകുന്ന തൊഴില്‍ പോർട്ടല്‍ ഒരുക്കി ഓർക്കാട്ടേരി കെ.കെ.എം.ജി. വി.എച്ച്.എച്ച്.എസിലെ വൊക്കേഷനല്‍ ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ മാതൃകയായി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരള വഴി നടപ്പാക്കിയ സ്കില്‍ ഷെയർ പ്രോജക്ടിന്റെ ഭാഗമായാണ് ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്സിലെ വിദ്യാർഥികള്‍ തൊഴില്‍ പോർട്ടല്‍ ഒരുക്കിയത്. thozhilportal.in എന്ന വെബ് ആപ്ലിക്കേഷനാണ് നാലു വിദ്യാർഥികള്‍ ചേർന്ന് രൂപപ്പെടുത്തിയത്.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തുള്ള ഓട്ടോഡ്രൈവർ, ജീപ്പ് ഡ്രൈവർ, ഇലക്‌ട്രിക്കല്‍-പ്ലംബിങ്, മറ്റ് അനുബന്ധ ജോലിക്കാർ തുടങ്ങിയവരുടെ ഫോണ്‍ നമ്പറും വിവരങ്ങളും ലഭിക്കുന്നു. നിലവില്‍ ഓർക്കാട്ടേരി, വടകര പ്രദേശത്തെ വിവരങ്ങളാണ് പോർട്ടലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കും ഉദ്യോഗാർഥികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും പോർട്ടലില്‍ രജിസ്റ്റർ ചെയ്യാം.
തൊഴില്‍ ദാതാക്കള്‍ പോർട്ടലില്‍ ഒഴിവുകള്‍ സമർപ്പിക്കുകയും ഈ ഒഴിവുകള്‍ ഉദ്യോഗാർഥികള്‍ക്ക് കാണാൻ സാധിക്കുകയും ചെയ്യും. പോർട്ടലില്‍ രജിസ്റ്റർ ചെയ്യുന്ന തൊഴില്‍ ദാതാക്കളെയും ഉദ്യോഗാർഥികളെയും സഹായിക്കും വിധം തൊഴില്‍മേളകള്‍ സംഘടിപ്പിക്കാനും കഴിയും. പലതരത്തിലുള്ള ഓണ്‍ലൈൻ പരീക്ഷകളും പോർട്ടലില്‍ ലഭ്യമാണ്.
വിദ്യാർഥികളായ കെ. ആദിദേവ്, വിഷ്ണു പ്രകാശ്, എം.കെ. എബിൻ, ഗൗതം പ്രകാശ്, നിദേവ് കൃഷ്ണ എന്നിവർ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ എം. സപിന്റെ മേല്‍നോട്ടത്തിലാണ് പോർട്ടല്‍ തയാറാക്കിയത്. എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ എ.കെ. അബ്ദുല്‍ ഹക്കീം, ഡി.പി.ഒ വി.ടി. ഷീബ, പി.ടി.എ പ്രസിഡന്റ് സി.പി. രാജൻ, പ്രിൻസിപ്പല്‍ ജി. ജയഹരി എന്നിവരും നേതൃത്വം നല്‍കി.






