spot_img
Thursday, December 18, 2025

ടെലിവിഷൻ സീരിയല്‍ ചിത്രീകരണം സര്‍ക്കാര്‍ നിരീക്ഷിക്കണം; വനിതാ കമ്മിഷൻ



തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളുടെ ചിത്രീകരണസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് വനിതാ കമ്മിഷൻ. സീരിയലുകളുടെ ഓരോ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി.) വേണമെന്നും ഈ മേഖലയെ സർക്കാർ നിരീക്ഷിക്കണമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

സീരിയലുകളുടെ ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സമിതി പ്രവർത്തിക്കണം. നിർമാതാക്കളുടെയും ചാനലുകളുടെയുമൊക്കെ സംയുക്ത ഉത്തരവാദിത്വമാണ് സ്ത്രീസുരക്ഷയെന്ന് കമ്മിഷന്റെ ശുപാർശയില്‍ പറയുന്നു. കമ്മിഷൻ ചില ചിത്രീകരണസ്ഥലത്ത് അപ്രതീക്ഷിത സന്ദർശനത്തിലൂടെ വീഴ്ചകള്‍ കണ്ടെത്തി. ടെലിവിഷൻ രംഗത്തേതടക്കം വിവിധ മേഖലകളിലെ സ്ത്രീകളുടെ ദുരിതം പരിഹരിക്കാനുള്ള ശുപാർശ നല്‍കാൻ കമ്മിഷൻ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിലായിരുന്നു പഠനം. ശുപാർശ സർക്കാരിന് കൈമാറി.

സീരിയല്‍ മേഖലയ്ക്കുള്ള പ്രധാന ശുപാർശകള്‍

നിയമവിദഗ്ധൻ, നിർമാതാക്കള്‍, തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി, തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാനും സ്ത്രീസുരക്ഷയ്ക്കും സമിതി പ്രവർത്തിക്കണം. മുതിർന്ന വനിതയായിരിക്കണം സമിതിയുടെ തലപ്പത്ത്.

സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയം ഉള്‍പ്പെടെ മികച്ച അടിസ്ഥാനസൗകര്യം ഒരുക്കണം.

ടെലിവിഷൻ രംഗത്തുള്ളവർക്കും തൊഴില്‍നിയമം ബാധകമാക്കുക. പുരുഷ അഭിനേതാക്കള്‍ക്കൊപ്പം തുല്യവേതനം, തുല്യനീതി. വേതനത്തിന് മാനദണ്ഡം വേണം.

സീരിയലുകളിലെ അഭിനേതാക്കളായ സ്ത്രീകളുടെ ആത്മഹത്യയും അതിനുള്ള പ്രവണതയും കൂടുന്നു. തൊഴിലിടത്തെയോ വീട്ടിലെയോ സമ്മർദങ്ങളാകാം കാരണം. ഇതിന് കൗണ്‍സലിങ് ആവശ്യമാണ്.

ലൊക്കേഷനുകളിലേക്കും താമസസ്ഥലത്തേക്കുമുള്ള യാത്ര സുരക്ഷിതമാക്കണം. രാത്രിയാത്രയ്ക്ക് പ്രത്യേകസുരക്ഷ ആവശ്യമാണ്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles