കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ കപ്പല്‍ അഥവാ ഗതാഗത പദ്ധതിക്ക് പുതുജീവൻ. പദ്ധതി നടപ്പാക്കാൻ താല്പര്യമുള്ള കമ്പനികളില്‍നിന്നു താല്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള കേരള മാരിടൈം ബോർഡിന്റെ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചു. വർഷങ്ങളായി മാറിമാറി വന്ന സർക്കാരുകള്‍ പരിഗണിച്ചിരുന്ന പദ്ധതി ഇനി വൈകില്ലെന്ന് ജനുവരിയില്‍ മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍ പറഞ്ഞിരുന്നു. ടെൻഡർ വിളിക്കാനുള്ള നടപടികള്‍ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് താല്പര്യപത്രം ക്ഷണിച്ചത്.
മൂന്ന് വിഭാഗത്തില്‍പ്പെട്ട യാത്രാ കപ്പല്‍, ഉല്ലാസക്കപ്പല്‍ പദ്ധതികള്‍ക്കായാണ് താല്പര്യപത്രം ക്ഷണിച്ചത്. ഒന്നാമത്തേത് അഞ്ഞൂറോ അതിനു മുകളിലോ യാത്രക്കാരെ ഉള്‍കൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പല്‍/ഉല്ലാസക്കപ്പലാണ്. രണ്ടാമത് 800നും 2500നും ഇടയില്‍ യാത്രക്കാരെ ഉള്‍കൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പല്‍/ഉല്ലാസക്കപ്പല്‍. 800നു താഴെ യാത്രക്കാരെ ഉള്‍കൊള്ളാൻ സാധിക്കുന്ന യാത്രാകപ്പല്‍/ഉല്ലാസക്കപ്പലാണ് മൂന്നാമത്തേത്.
ആഡംബര കപ്പലുകളോ ബജറ്റ് കപ്പലുകളോ കമ്പനികള്‍ക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. യാത്രാക്കപ്പലുകളില്‍ ബജറ്റ് ടിക്കറ്റുകള്‍ക്കൊപ്പം പ്രീമിയം ടിക്കറ്റുകളും വില്‍ക്കാമെന്ന് പരസ്യത്തില്‍ പറയുന്നു. അനുമതി ലഭിക്കുന്ന യാത്രാ കപ്പലുകള്‍ക്കും ഉല്ലാസക്കപ്പലുകള്‍ക്കും കാർഗോ സംവിധാനം ഉണ്ടാകണം. കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖമായ കൊച്ചിയും ഒപ്പം ബേപ്പൂർ, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളും പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന യാനങ്ങള്‍ക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 30 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവർ നാട്ടിലേക്കും തിരിച്ചും യാത്രക്കായി ആശ്രയിക്കുന്നത് എയർ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികളെയാണ്. ഉത്സവകാലങ്ങളിലും സ്‌കൂള്‍ അവധി മാസങ്ങളിലും വിമാന നിരക്ക് കുത്തനെ ഉയരാറുണ്ട്. ഒരാള്‍ക്ക് പോയിവരാൻ ഒരു ലക്ഷം രൂപ വരെ ചില മാസങ്ങളില്‍ വിമാന യാത്രാ നിരക്ക് ആവാറുണ്ട്.
യാത്രാക്കപ്പല്‍ സർവീസുകള്‍ ആരംഭിച്ചാല്‍ യാത്രക്കൂലി വിമാനാ നിരക്കിന്റെ പകുതി പോലും ആവില്ലെന്നതാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. യാത്രാ സമയം കൂടുമെങ്കിലും ഒപ്പം കൂടുതല്‍ ചരക്കു കൊണ്ടുവരാൻ പറ്റുമെന്നതും നേട്ടമായാണ് വിദഗ്ധർ പറയുന്നത്.
മാരിടൈം ബോർഡ് ഇപ്പോള്‍ താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെയാണ്. അതിനാല്‍ അധികം കാലതാമസവും തടസങ്ങളുമില്ലാതെ പദ്ധതി നടപ്പാക്കാൻ സാധിക്കും. താല്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം 22 ആണ്.






