നേപ്പാളില്‍ ഇന്ത്യയുടെ പേമെന്റ് സംവിധാനമായ യുപിഐ എത്തി. വെള്ളിയാഴ്ച്ചയാണ് ഇത് ഔദ്യോഗികമായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ നേപ്പാളില്‍ യുപിഐ ലോഞ്ച് ചെയ്തിരുന്നു. എന്നാല്‍ വിവിധ വ്യാപാരികളെ എല്ലാം ചേര്‍ത്ത് യുപിഐ പേമെന്റ് രീതിയായി വെള്ളിയാഴ്ച്ച മുതലാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്.
ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് അടക്കം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേമെന്റുകള്‍ നടത്താവുന്നതാണ്. നേപ്പാളിലെ ഏറ്റവും വലിയ പേമെന്റ് ശൃംഖലയായ ഫോണ്‍പേ പേമെന്റ് സര്‍വീസുമായി ചേര്‍ന്നാണ് യുപിഐ പേമെന്റുകള്‍ സാധ്യമാകുന്നത്. നേരത്തെ ദുബായില്‍ അടക്കം യുപിഐ ഇതുപോലെ ലോഞ്ച് ചെയ്തിരുന്നു.
ആദ്യ ഘട്ടത്തില്‍ നേപ്പാളിലെ വിവിധ കടകളില്‍ യുപിഐ ലഭ്യമാകും. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായും അതിവേഗത്തിലും പേമെന്റുകള്‍ നടത്താം. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്രകള്‍ക്കായി പോകുന്ന വിനോദ സഞ്ചാരികള്‍ക്കെല്ലാം യുപിഐ സംവിധാനം കൂടുതല്‍ ഉപകാരപ്പെടും.
സിംഗപ്പൂരില്‍ അടക്കം നേരത്തെ യുപിഐ എന്‍പിസിഐ വ്യാപിപ്പിച്ചിരുന്നു. അതേസമയം വൈകാതെ തന്നെ നേപ്പാളില്‍ കൂടുതല്‍ ഇടങ്ങളില്‍ യുപിഐ ലഭ്യമായി തുടങ്ങും. ഫോണ്‍ പേ ശൃംഖലയുടെ ഭാഗമായ വ്യാപാരികളെയാണ് നിലവില്‍ ക്യുആര്‍ കോഡ് പേമെന്റിന്റെ ഭാഗമാക്കിയതെന്ന് എന്‍പിസിഐ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷനും ഫോണ്‍ പേയും കൂടി യുപിഐ പേമെന്റിനായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. നേപ്പാളില്‍ ഫോണ്‍പേ പേമെന്റ് സര്‍വീസിന് വലിയ സ്വാധീനമുണ്ട്. മികവോടെ പേമെന്റിന് സൗകര്യമൊരുക്കാന്‍ ഇവര്‍ സഹായിക്കും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചായിരുന്നു ലോഞ്ചിംഗ് നടത്തിയത്.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ കൈകോര്‍ക്കല്‍ വിപ്ലവകരമായ മാറ്റമാണ്. നേപ്പാളിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് ഇത് ഇടപാടുകളില്‍ ഗുണം ചെയ്യുമെന്നും ഫോണ്‍പേ പേമെന്റ് സര്‍വീസ് പറഞ്ഞു. നേരത്തെ ആര്‍ബിഐയും നേപ്പാള്‍ രാഷ്ട്ര ബാങ്കുമാണ് യുപിഐ കരാര്‍ ഉണ്ടാക്കിയത്.
അതേസമയം യുപിഐ പേമെന്റുകള്‍ നേപ്പാളില്‍ പല മേഖലകള്‍ക്കും ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. ഇടപാടുകള്‍ എളുപ്പത്തിലാവുന്നത് തടസ്സരഹിതമായ സേവനത്തിന് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. റെസ്റ്റോറന്റുകള്‍, ടൂറിസം, പോലുള്ള മേഖലയ്ക്കാണ് ഇതിന്റെ ഗുണം ആദ്യം ലഭിക്കുക. കറന്‍സി എക്‌സ്‌ചേഞ്ച് പോലുള്ളവയെ കൂടുതലായി ആശ്രയിക്കേണ്ടിയും വരില്ല.
നേപ്പാളും ഇന്ത്യയിലും തമ്മിലുള്ള വാണിജ്യപരമായുള്ള ബന്ധം അടക്കം ഇനിയും പുരോഗതി കൈവരിക്കുമെന്ന് ഫോണ്‍പേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ദിവാസ് കുമാര്‍ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്ക് യുപിഐ വരുന്നതോടെ കൂടുതല്‍ പണം ചെലവഴിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാവുകയും, അത് ആ രാജ്യങ്ങളില്‍ നേട്ടമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.