സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34 കോടി രൂപ സമാഹരിച്ചതിൽ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് യഥാർഥ കേരള സ്റ്റോറി എന്നു പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. വെറുപ്പിന്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിെന്റ മരണം.
മുഖ്യമന്ത്രിയുടെ കുറിപ്പ്: വെറുപ്പിന്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിന്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർഥ കേരള സ്റ്റോറി.വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിന്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം






