spot_img
Tuesday, April 21, 2026

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്



യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്.

സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ. സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്‍റെ ലോഡ് ബോഡിയിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി. മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. റോഡിൽ മത്സര ഓട്ടം നടത്തി. പലതവണ വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചെന്നും എംവിഡി പറയുന്നു. നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തെന്ന് എംവിഡി ചൂണ്ടിക്കാട്ടി.

മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017 ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉള്ള വ്ലോഗർമാർ തന്നെ ഇത്തരത്തിൽ നിയമ ലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമ്പോൾ അത് അനുകരിക്കാൻ പലരും ശ്രമിച്ചേക്കാം. സഞ്ജു ടെക്കിക്കെതിരായ കർശന നടപടി നിയമ ലംഘകർക്കും നിയമത്തെ നിസാരവത്കരിക്കുന്നവർക്കും ഒരു താക്കീതാണെന്നാണ് എംവിഡി വിശദീകരിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles