എടപ്പാള്‍: ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനാണെന്നു ധരിപ്പിച്ച് ചങ്ങരംകുളത്തെ അധ്യാപികയുടെ മകളുമായി വിവാഹമുറപ്പിച്ചശേഷം പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു.
കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡില്‍ നോട്ടിക്കണ്ടത്തില്‍ അക്ഷയ് (30), സുഹൃത്തും സഹായിയുമായ കൊല്ലം കരവല്ലൂരില്‍ അജി (40) എന്നിവരാണ് പിടിയിലായത്. തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
ഇയാളുടെപേരില്‍ നല്‍കിയ വൈവാഹികപരസ്യം കണ്ട് വിളിക്കുന്നവരോട് ഗൂഗിള്‍ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നാണു പറഞ്ഞിരുന്നതെന്ന് പോലീസ് അറിയിച്ചു. നല്ല വിദ്യാഭ്യാസമുള്ള ഇയാള്‍ ഇംഗ്ലീഷടക്കമുള്ള ഭാഷകള്‍ നന്നായി കൈകാര്യംചെയ്യും.സിനിമയില്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുകളായി ജോലിചെയ്യുന്നവരെ വീട്ടിലെ സ്ത്രീകള്‍ എന്നനിലയില്‍ പരിചയപ്പെടുത്തുകയുംചെയ്യും.
ചങ്ങരംകുളത്തെ യുവതിയുടെ വീട്ടുകാരേയും ഇങ്ങനെയാണ് വിശ്വസിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ആര്‍ഭാടമായി വിവാഹനിശ്ചയം നടത്തി. പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ച് കൂടുതല്‍ വിശ്വാസ്യതനേടി. പിന്നീട് പിതാവ് അത്യാസന്നനിലയില്‍ ആശുപത്രിയിലാണെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. ചികിത്സയ്ക്ക് കൂടുതല്‍ തുക വേണമെന്നും താത്കാലികമായ ബുദ്ധിമുട്ടുണ്ടെന്നും ധരിപ്പിച്ചു. പെണ്‍കുട്ടി വിവരം വീട്ടിലറിയിച്ചു. വീട്ടുകാര്‍ സഹായം വാഗ്ദാനംചെയ്തു. ആദ്യമെല്ലാം ഇയാള്‍ ഇത് നിരസിച്ചു. ഒടുവില്‍ പത്തുലക്ഷത്തോളം രൂപ കൈക്കലാക്കി.
പിന്നീട് വിളിക്കുമ്പോള്‍ ഇയാളിലുണ്ടായ മാറ്റമാണ് തട്ടിപ്പ് തിരിച്ചറിയാന്‍ വഴിയൊരുക്കിയത്. രക്ഷിതാക്കള്‍ അന്വേഷണം നടത്തിയതോടെ ഇക്കാര്യം ഉറപ്പായി. തുടര്‍ന്ന് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അപ്പോഴേക്കും പ്രതിയും സംഘാംഗങ്ങളും സ്ഥലംവിട്ടിരുന്നു.താമസസ്ഥലവും ഫോണുമെല്ലാം അടിക്കടി മാറ്റുന്നതിനാല്‍ പോലീസിന് കൃത്യമായ സ്ഥലം കണ്ടെത്താനായില്ല.
കൊല്ലത്തുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടത്തെ ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) അംഗങ്ങളായ മനു, ബൈജു എന്നിവരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.2.5 കോടിയുടെ തട്ടിപ്പ് വേറെയുംപ്രതികള്‍ക്കെതിരേ സംസ്ഥാനത്ത് കൊടുങ്ങല്ലൂര്‍, കൊല്ലം ക്രൈംബ്രാഞ്ച്, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍, കോട്ടയം കിടങ്ങൂര്‍ തുടങ്ങി 15 സ്റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പഠനത്തിനായി യൂറോപ്പില്‍ പോയിരുന്ന അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ചുനല്‍കാമെന്നു പറഞ്ഞ് 2.5 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഈ കേസുകള്‍.സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇവരെ കണ്ടെത്താനുള്ള നീക്കവും തുടങ്ങി.
മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശാനുസരണം തിരൂര്‍ ഡാന്‍സാഫ് അംഗങ്ങളാണ് ഒരുവര്‍ഷത്തോളം കേസന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു






