spot_img
Thursday, December 18, 2025

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടു; പരിഭ്രാന്തരായി ജനം, റവന്യൂ ഉദ്യോഗസ്ഥരെത്തി



കൽപ്പറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. രാവിലെ 10 മണിയോടെയാണ് സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു.

ജില്ലാ കളക്ട്രേറ്റിൽ നിന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഷംഷാദ് മരക്കാർ അറിയിച്ചു. ഭൂമികുലുക്കത്തിൻ്റേതായ സൂചനയില്ലെന്നും സോയിൽ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ നിന്ന് മനസിലായെന്ന് ഷംഷാദ് മരക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ് ഈ സംഭവം. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയിൽ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു.

എന്നാൽ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവർക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാൽ അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് അവധി നൽകി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്കൂളിലെ അധ്യാപകർ അറിയിച്ചു. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേർന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

അതേസമയം കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, മേൽമുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല ഭാഗത്തും സമാനമായ അനുഭവം ഉണ്ടായെന്ന് ഇവിടെ നിന്നുള്ള നാട്ടുകാരും പറഞ്ഞു. അമ്പുകുത്തി മലയിലെ ചെരുവിൽ 2020ൽ ഒരു മീറ്റർ ആഴത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. അതേസമയം ഇത് സോയിൽ പൈപ്പിങാകാനുള്ള സാധ്യതയാണ് ജിയോളജി വിഭാഗം വിദഗ്ദ്ധർ പറയുന്നത്.

ഭൂമിക്കടിയിൽ ഒരു വലിയ ട്രക്ക് പോലും കയറാവുന്ന തരത്തിൽ വലിയ ടണലുകൾ ഉണ്ടെന്ന് സംഭവത്തിൽ ജിയോളജി വിദഗ്ദ്ധൻ ഡോ.കെഎസ് സജിൻ പ്രതികരിച്ചു. അതുവഴി മഴ സമയത്ത് വെള്ളം ഒഴുകിപ്പോകും. വലിയ ശബ്ദത്തോടെയാണ് വെള്ളം ഒഴുകുക. എന്നാൽ ഭൂചലനം അനുഭവപ്പെട്ട സാഹചര്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. .



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles