spot_img
Thursday, December 18, 2025

പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമങ്ങൾ വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി



പ്രവാസി മലയാളികൾക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിക്കുന്നത്. കേരളത്തിന് പുറത്ത് ലൈസന്‍സ് സമ്പദ്രായം പരിഷ്കരിച്ചതോടെ പുതിയ ലൈസന്‍സിനുള്ള അപേക്ഷകള്‍ ധാരാളം വരുന്നുണ്ട്. ഇതിനൊപ്പമാണ് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകളും വരുന്നത്. അപേക്ഷകളുടെ എണ്ണം കൂടുതലാണ്. ഒരു ദിവസം 40 സ്ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ പ്രവാസികള്‍ക്കായി ഒരു ദിവസം 5 സ്ലോട്ടുകളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

ആ സ്ലോട്ടുകള്‍ തരാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചാല്‍ അടിയന്തരമായി ഗതാഗതവകുപ്പുമായി ബന്ധപ്പെടണമെന്നും ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി കഴിഞ്ഞാല്‍ ഉടനടി നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ അഞ്ച് സ്ലോട്ടുകള്‍ പ്രവാസികള്‍ക്കായി മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവും നിലവിലുണ്ട്. 

ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കുമ്പോള്‍ ടെസ്റ്റിന് ഒരു തീയതി ലഭിക്കും. ഈ തീയതിയുമായി ആര്‍ടിഒയോ ജോയിന്‍റ് ആര്‍ടിഒയോ സമീപിക്കുക. അടുത്ത ദിവസങ്ങളില്‍ തന്നെ അല്ലെങ്കില്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന തീയതിയിലേക്ക് അവസരം നല്‍കും. തീയതി തന്നില്ലെങ്കിലും ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം. 

വിദേശ രാജ്യത്തുള്ള മലയാളികള്‍ക്ക് അവരുടെ ലൈസന്‍സ് അവസാനിക്കുന്ന കാലാവധിക്ക് ശേഷം മാത്രമെ നാട്ടില്‍ എത്താനാകൂ എന്ന സ്ഥിതിയുണ്ടെങ്കില്‍ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് 6 മാസം മുമ്പൊക്കെ നാട്ടില്‍ എത്തുകയാണെങ്കില്‍, ലൈസന്‍സ് തീരുന്നതിന് 6 മാസം മുമ്പേ മുന്‍കൂറായി ലൈസന്‍സ് അടുത്ത 5 വര്‍ഷത്തേക്ക് പുതുക്കാനാകും. ഇനി അഥവാ ലൈസന്‍സ് പുതുക്കാനുള്ള തീയതിക്ക് ശേഷമാണ് നാട്ടിലെത്തുന്നതെങ്കിലും 1 വര്‍ഷം വരെ പിഴ അടയ്ക്കാതെ ലൈസന്‍സ് പുതുക്കാനാകും. പക്ഷേ ആ സമയത്ത് വാഹനമോടിക്കരുത്.

സാധുവായ ലൈസന്‍സ് ലഭിക്കുന്ന വരെ കാത്തിരിക്കുക. ഈ ഒരു വര്‍ഷത്തിനകം പുതുക്കാനായില്ലെങ്കില്‍ അടുത്ത 4 വര്‍ഷം വരെ വീണ്ടും സമയം ഉണ്ട്. ഈ സമയം പിഴ അടച്ച് ലൈസന്‍സ് പുതുക്കാം. ഈ കാലാവധിയും കഴിഞ്ഞെങ്കില്‍ പിന്നീട് ആദ്യമായി ലൈസന്‍സ് ലഭിക്കുമ്പോള്‍ കടന്നുപോകേണ്ട, ലേണേഴ്സ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരും. വിദേശത്ത് പഠിക്കാന്‍ പോകുന്ന, ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഇത് ബാധകമാണ്. 

ലേണേഴ്സ് എഴുതി കഴിഞ്ഞാല്‍ 30 ദിവസം കഴിഞ്ഞാണ് ഒരു സ്ലോട്ട് ലഭിക്കുക. ഇത് നിങ്ങള്‍ പറയുന്ന ദിവസം ലഭിക്കും. 5 സ്ലോട്ടുകളാണ് പ്രവാസികള്‍ക്കായി മാറ്റിവെച്ചിരിക്കുക. വിദേശത്തുള്ളവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിവാഹന്‍ വെബ്സൈറ്റില്‍ സാരഥി എന്ന ഓപ്ഷനില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കാം. നാട്ടിലെത്തിയാല്‍ കാലതാമസം കൂടാതെ ലൈസന്‍സ് പുതുക്കാനുമാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles