spot_img
Thursday, December 18, 2025

മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍



മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് പിടിയില്‍. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന ആത്മഹത്യ ചെയ്തത്. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്.

വിവാഹത്തിന് ശേഷം ഷഹാന നേരിട്ടത് വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു. നിറത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവ് നേരിട്ടുതന്നെ ഷഹാനയെ പലതും പറഞ്ഞ് അപമാനിച്ചിരുന്നു.

ഭര്‍ത്താവ് വാഹിദ് ഒരുമാസം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയതിന് ശേഷം ഗള്‍ഫില്‍വച്ചും വിളിക്കുമ്പോഴെല്ലാം നിറത്തിന്റെ പേരില്‍ ഷഹാനയെ അധിക്ഷേപിച്ചു. നിറം കുറവാണെന്നും, കറുപ്പാണെന്നും, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് വാഹിദിന്റെ അധിക്ഷേപം തുടര്‍ന്നു.

ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്താലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ ഷഹാനയെ വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെയാണ് വാതില്‍ ചവിട്ടിപ്പൊളിച്ചത്. അയല്‍വാസികള്‍ ഉള്‍പ്പെടെ എത്തി ഷഹാനയുടെ മുറിയുടെ വാതില്‍ പൊളിച്ചപ്പോള്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിറത്തിന്റെ പേരില്‍ നിരന്തരമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയത്. നിറം കുറവാണെന്ന് പറഞ്ഞ് ഷഹാനയെ നിരന്തരമായി ഭര്‍ത്താവ് കുറ്റപ്പെടുത്തുമായിരുന്നുവെന്നും ആത്മഹത്യ കടുത്ത മാനസിക പീഡനം മൂലമാണെന്നുമാണ് ആരോപണം. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles