കോഴിക്കോട് : ഷൂട്ടിങ്ങിനായി കോഴിക്കോടെത്തിയ രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജയിലർ 2 ഷൂട്ടിങ്ങിനായാണ് രജനീകാന്തും സംഘവും കോഴിക്കോട് എത്തിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് നിലവിൽ കോഴിക്കോട് നഗരത്തിനടുത്ത് ചെറുവണ്ണൂരിലാണ് നടക്കുന്നത്.കോഴിക്കോട് ബി.സി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ശനിയാഴ്ച മുതൽ ആരംഭിച്ച ഷൂട്ടിങ്ങിലെ പ്രധാന ലൊക്കേഷനും ഇവിടമാണ്. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക
.കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ ദിലീപ് കുമാർ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിന്‍റെ സെറ്റിലെത്തിയിരുന്നു. മോഹൻലാൽ ജയിലറിൽ മാത്യു എന്ന കാമിയോ റോളിലെത്തിയിരുന്നു. രണ്ടാം ഭാഗത്തിലും താരത്തിന് പ്രധാനപ്പെട്ട റോളുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.






