കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു.ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പോലീസിന് കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു.വികാരാധീനനായി സംസാരിച്ച ദിലീപ്, തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നതെന്നും, ആ കള്ളക്കഥ കോടതിയില്‍ തകർന്നു വീഴുകയായിരുന്നുവെന്നും പറഞ്ഞു. “എന്റെ ജീവിതം, എന്റെ കരിയർ അങ്ങനെയെല്ലാം തകർത്തു.” ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ച എല്ലാവർക്കും, തനിക്കുവേണ്ടി കോടതിമുറിക്കുള്ളില്‍ വാദിച്ച അഭിഭാഷകർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയത് എന്ന ദിലീപിന്റെ വാദത്തെ ശരിവെക്കുന്നതായിരുന്നു കോടതിയുടെ വിധി.






