കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് ആണ് മരിച്ചത്.ചെറുകാവ് പെരിയമ്പലത്ത് വൈകിട്ട് ആറരയോടെയാണ് സംഭവം. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയാണ് അപകടമുണ്ടായത്.സ്‌കൂട്ടറിൽ വെച്ച പടക്കം ആഘോഷ റാലിയിലുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നു ഇര്‍ഷാദ്. അതിനിടയില്‍ സമീപത്ത് പൊട്ടിയ പടക്കത്തില്‍നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കങ്ങളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതോടെ പടക്കശേഖരം ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ ഇർഷാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.






