spot_img
Thursday, April 16, 2026

സമസ്ത നൂറാം വാർഷിക സമ്മേളനം 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറത്ത്



ഞങ്ങൾ സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്ന് കാന്തപുരം

കോട്ടക്കൽ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറം വാദി ഹറമൈനിയിൽ നടക്കും. ‘സമസ്ത: 100 പ്രകാശവർഷങ്ങൾ’ എന്ന പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക. കോട്ടക്കൽ ബഹ്‌റുൽ ഉലൂം നഗറിൽ നടന്ന വിളംബര സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്.സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരണമെന്ന ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന കാന്തപുരം തള്ളി. സുന്നികൾ സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അസംബ്ലിയിലും പാർലിമെന്റിലും ഒക്കെ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്താറുണ്ട്. എന്നാൽ അതുകൊണ്ട് അവരുടെ എം എൽ എ സ്ഥാനം നഷ്ടമായി എന്ന് അർഥമില്ല. അതുപോലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് അല്ല ഞങ്ങൾ ഇറങ്ങിപ്പോയത്. മറിച്ച് അവിടെ അന്ന് ചർച്ച ചെയ്ത തീരുമാനത്തോട് യോജിപ്പില്ലാത്തത് കൊണ്ട് മാത്രമായിരുന്നു. എന്തായിരുന്നു അവിടെ അന്ന് ചർച്ച ചെയ്തത് എന്നോ, എന്താണ് വിഷയം എന്നോ ഇപ്പോൾ പുതുതായി മെമ്പർഷിപ്പ് എടുത്ത് വരുന്നവർക്ക് അറിയുകയില്ല. അതുകൊണ്ട് സമസ്തയുടെ ഐക്യത്തിന് ഞങ്ങൾ എന്നും തയ്യാറാണ്. വിശദമായി സൗഹൃദപരമായി അക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കാം.

അതിന് സയ്യിദന്മാരും ഉലമാക്കളും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കാന്തപുരം വ്യക്തമാക്കി.സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വിളംബര സമ്മേളനം ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്‌ദുൽറഹ്‌മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും നൂറുക്കണക്കിന് പൊതു ജനങ്ങളും വിളംബര സമ്മേളനത്തിൽ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles