കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി കെ. രാജന്‍ സ്ഥലത്തെത്തി. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനുശേഷം വിവാദങ്ങളില്‍ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ രാജന്‍ പറഞ്ഞു.വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ രാജന്‍ പ്രതികരിച്ചത്. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാല്‍, വിള്ളല്‍ ഉണ്ടായിട്ടില്ലെന്നുമാണ് കെ രാജന്‍ വ്യക്തമാക്കിയത്. വീടിന്റെ ചുവരുകളില്‍ മാര്‍ക്ക് ചെയ്ത ഭാഗങ്ങളില്‍ ഉരച്ചുനോക്കിയും നിര്‍മ്മാണ രീതികള്‍ വിലയിരുത്തിയുമാണ് മന്ത്രിയുടെ പ്രതികരണം. ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് മന്ത്രി നേരിട്ടെത്തിയത്.
വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഇതുവരെ ദുരന്തബാധിതര്‍ക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. വീട് കൈമാറിയിട്ട് പ്രശ്‌നം വന്നാല്‍ ആണ് ഗൗരവം. വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. വീട് കൈമാറിയിട്ട് വെള്ളം കിനിഞ്ഞു വന്നാലും കരാര്‍ പ്രകാരം ഊരാളുങ്കല്‍ നടപടിയെടുക്കും. ഇല്ലെങ്കില്‍ പണം നല്‍കില്ല. താമസിക്കാന്‍ തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ നല്‍കി തെറ്റിധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. സാധാരണ വീട് പണിയുന്നത് പോലെയുള്ള നടപടിക്രമങ്ങളല്ല ടൗണ്‍ഷിപ്പിലെ വീടുകള്‍ നിര്‍മിക്കുമ്പോള്‍ ചെയ്യുന്നത്. 58 ഘട്ട ഗുണനിലവാര പരിശോധനയാണ് നടത്തുന്നത്. ടെറസില്‍ 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തി രണ്ടുതവണ സ്വിമ്മിങ് പൂള്‍ വാട്ടര്‍ പ്രൂഫിങ് നടത്തും. എന്നിട്ടും അപൂര്‍വമായി ചിലയിടത്ത് നനവ് ഉണ്ടാകും. പരിശോധനയില്‍ നേരിയ നനവ് ഒരു വീട്ടില്‍ കണ്ടെത്തിയപ്പോള്‍ അവിടെ പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തി. ആ വീട്ടില്‍ വീണ്ടും 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തി പരിശോധിക്കും. എല്ലാ വീടുകളിലും ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം വാട്ടര്‍ പ്രൂഫിങ് നടത്തും. അതിന് മുകളിലായി സ്‌ക്രീഡിങ് കോണ്‍ക്രീറ്റുകൂടി കഴിയുന്നതോടെ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടും.
നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഊരാളുങ്കല്‍ സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരും സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. കെട്ടിടത്തിന്റെ സ്ട്രക്ചറിന് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും ഇപ്പോള്‍ കണ്ട വിള്ളലുകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഊരാളുങ്കല്‍ വ്യക്തമാക്കി.വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മുതല്‍ ടൗണ്‍ഷിപ്പില്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ടൗണ്‍ഷിപ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുടില്‍ കെട്ടി പ്രതിഷേധിക്കും. പ്രതിഷേധ സാഹചര്യത്തിലാണ് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചത്.






