spot_img
Wednesday, November 4, 2026

മലയോര ഹൈവേ: 27–ാം മൈലിൽ സംരക്ഷണഭിത്തി നിർമാണ പ്രവൃത്തി അശാസ്ത്രീയമെന്ന് പരാതി.



കൂരാച്ചുണ്ട് : മലയോര ഹൈവേയുടെ ഭാഗമായ തലയാട് – 28–ാം മൈൽ റോഡിൽ 27–ാം മൈലിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പാതയുടെ സംരക്ഷണഭിത്തി തകർന്ന മേഖലയിൽ പ്രവൃത്തി അശാസ്ത്രീയമാണെന്നു പരാതി ഉയർന്നു. കെആർഎഫ്ബി അഡിഷനൽ ഫണ്ട് അനുവദിച്ചാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രവൃത്തി പാതിവഴിയിൽ അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന. റോഡരിക് ഇടിഞ്ഞ് കല്ലാനോട് ബൈപാസ് റോഡിലേക്കു വീണ മേഖലയിൽ 6 മീറ്റർകൂടി നീളത്തിൽ കരിങ്കല്ല് കെട്ടി സംരക്ഷിച്ചാൽ മാത്രമേ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ.കൂടാതെ റോഡിന്റെ ഉയരത്തിൽ നിന്നു 3 മീറ്ററോളം താഴ്ഭാഗത്താണു ഇപ്പോൾ സംരക്ഷണഭിത്തി നിർമിച്ച് അവസാനിപ്പിച്ചത്. ഈ ഭാഗം മണ്ണിട്ട് ഉറപ്പിക്കാൻ വേണ്ടി ലോഡ് കണക്കിനു മണ്ണ് അടിച്ചിരുന്നു. ഈ മണ്ണും മഴയത്ത് ഒലിച്ചു പോകുന്നുണ്ട്. പ്രധാന റോഡിന്റെ ഉയരത്തിൽ ഭിത്തി നിർമിച്ചാൽ മാത്രമേ പ്രവൃത്തി സുരക്ഷിതമാകൂ. കഴിഞ്ഞദിവസം മഴയത്ത് പാതയോരമിടിഞ്ഞ് ബൈപാസ് റോഡിലേക്ക് മണ്ണും കല്ലും വീണിരുന്നു. മഴ ശക്തമായാൽ ഇപ്പോഴത്തെ സുരക്ഷയില്ലാത്ത കരിങ്കല്ലുകെട്ട് ഇടിഞ്ഞ് ബൈപാസ് റോഡിലേക്ക് വീഴുമെന്നാണ് ജനങ്ങളുടെ ആശങ്ക.റോഡിൽ വളവുള്ള മേഖല ആയതിനാൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇപ്പോൾ പേരിനുമാത്രം ക്രാഷ് ബാരിയർ ആണുള്ളത്. ടാറിങ് പാതയിൽ മാസങ്ങൾക്ക് മുൻപ് രൂപപ്പെട്ട വിള്ളലും പ്രശ്നമാകുന്നുണ്ട്. വിള്ളൽ അടച്ചില്ലെങ്കിൽ മഴയത്ത് വെള്ളമിറങ്ങി സംരക്ഷണ ഭിത്തിയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. റോഡിലെ വിള്ളൽ പരിഹരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല. ലക്ഷക്കണക്കിനു രൂപ ഫണ്ട് അനുവദിച്ചു തുടങ്ങിയ പണി ഇപ്പോൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രശ്നമെന്ന് അറിയുന്നു. പ്രവൃത്തി പൂർത്തിയാക്കാൻ അധിക ഫണ്ട് അനുവദിക്കാൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles