ആവേശത്തിൽ സ്വർണവിപണി, ഉച്ചയ്ക്കും വില കൂടി സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സ്വർണവില ഉച്ചയ്ക്ക് ഗ്രാമിന് 265 രൂപ വർധിച്ച് 13,090 രൂപയിലെത്തി. പവൻ വില 2120 രൂപ വർധിച്ച് 1,04,720 രൂപയിലെത്തി. പവൻ വില രാവിലെ 200 രൂപ വർധിച്ചിരുന്നു.ഇതോടെ ഇന്നു മാത്രം സ്വർണവിലയിലുണ്ടായത് 2320 രൂപയുടെ വർധന. ഒരു ലക്ഷം രൂപയുടെ താഴേക്ക് പോകുമെന്ന് തോന്നിച്ചിടത്തു നിന്നാണ് പുതിയ മുന്നേറ്റം.ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ അമേരിക്കയിൽ രാഷ്ട്രീയ അസ്‌ഥിരത നിലനിൽക്കുന്നതിനാൽ ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കാൻ വലിയ തിരക്കുണ്ട്. ഇതോടെ ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന യീൽഡ് കുറഞ്ഞു. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും കുത്തനെ ഇടിഞ്ഞു. 6 പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 5 മാസത്തെ താഴ്ന്ന നിലയിലാണ്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറഞ്ഞു. ഇതാണ് സ്വർണത്തിന്റെ വില കുതിക്കാൻ കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്.രാജ്യാന്തര വില ഔൺസിന് 4000 ഡോളർ പിന്നിട്ടതോടെ കേരളത്തിൽ ഇന്ന് വീണ്ടും വില മാറാൻ സാധ്യത. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്കുണ്ടായ മുന്നേറ്റത്തിൽ ഡോളറിന്റെ വിനിമയ നിരക്കും ട്രഷറി ബോണ്ടുകളുടെ യീൽഡും കുറഞ്ഞതോടെയാണ് സ്വർണമുന്നേറ്റം. രാവിലെ 3948 ഡോളർ നിലവാരത്തിലുണ്ടായിരുന്ന സ്വർണവില നിലവിൽ 2 ശതമാനത്തിലധികം കുതിച്ച് 4018 ഡോളറെന്ന നിലയിലാണ്.






