റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്‌ദുൾ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് സഹായ സമിതി. 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ചയോടെ പൂർത്തിയാകും. അഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകുന്നതോടെ സൗദി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്രാതീയതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ തന്നെ മോചനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും സഹായസമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.ലോക മലയാളികൾ കൈകോർത്ത മഹാ ദൗത്യം ലക്ഷ്യം കാണാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും തുടക്കം മുതൽ അവസാന ഘട്ടം വരെ ദൗത്യത്തിൽ ചേർന്ന് നിന്ന അസംഖ്യം മനുഷ്യ സ്നേഹികളോടുള്ള നന്ദി സഹായ സമിതിക്ക് വേണ്ടി അറിയിക്കുകയാണെന്ന് സമിതി മുഖ്യരക്ഷധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. റിയാദ് സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷർ സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി.രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ (പാത്തു)യുടെയും മകനായ അബ്ദുറഹീം 2006 നവംബർ 28ന് 26-ാം വയസിലാണ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഡിസംബർ 24നാണ് സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ അസുഖമുള്ള മകൻ അനസ് അൽ ശഹ്‌രി(15)യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായി അബ്ദുറഹീമിനെ റിയാദ് ഇസ്കാനിലെ ജയിലിലടക്കപ്പെട്ടത്. കേസിൽ വധശിക്ഷ വിധിച്ച് 18 വർഷം പിന്നിട്ടപ്പോഴാണ് 34 കോടി രൂപ ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയത്. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ദിവസങ്ങൾക്കകം 48 കോടി രൂപ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചു. ഇതിൽ 34 കോടി രൂപ മരണപ്പെട്ട സൗദി ബാലന്റെ കുടുംബത്തിനും ഒന്നര കോടി രൂപ സൗദിയിൽ അഭിഭാഷകനും നൽകി.






