തിരുവനന്തപുരം: 16-ാം കേരള നിയസഭയിലെ പ്രതിപക്ഷ നിരയെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമിതിയിലാണ് തീരുമാനം. നിയമസഭാ കക്ഷി നേതാവായി സിപിഐ എം സംസ്ഥാന കമ്മിറ്റി പിണറായി വിജയനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായി സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാർടി ജനറൽ സെക്രട്ടറി എം എ ബേബി, എ വിജയരാഘവൻ, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കെ രാധാകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ധര്‍മടത്ത് നിന്നുള്ള നിയമസഭാംഗമാണ്. കഴിഞ്ഞ രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നു.
കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി മുന്നണി ഭരണമാറ്റങ്ങളുടെ പരമ്പര അവസാനിപ്പിച്ച്, തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായി സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകി.2022-ൽ സി അച്യുതമേനോന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന നേതാവ് എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.1945 മേയ് 24-ന് കണ്ണൂർ ജില്ലയിലെ പിണറായിയിലാണ് അദ്ദേഹം ജനിച്ചത്. മരോളി കോരന്റെയും ആലക്കീൽ കല്യാണിയുടെയും മകനാണ്. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്ന് ബിഎ ഇക്കണോമിക്സ് ബിരുദം നേടി. വിരമിച്ച അധ്യാപിക കമല വിജയനാണ് ഭാര്യ. വീണ വിജയൻ, വിവേക് കിരൺ വിജയൻ എന്നിവർ മക്കളാണ്.1964-ൽ സിപിഐ എം അംഗമായ പിണറായി വിജയൻ കെഎസ്എഫ്, കെഎസ്‍വൈഎഫ് സംഘടനകളിലൂടെയാണ് നേതൃനിരയിലേക്ക് വന്നത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ ഒളിവുകാല പ്രവർത്തനങ്ങൾക്കിടയിലും 1975-ലെ അടിയന്തരാവസ്ഥക്കാലത്തും അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിൽ മോചിതനായി നിയമസഭയിലെത്തിയ അദ്ദേഹം ചോരപുരണ്ട കുപ്പായം ഉയർത്തിക്കാട്ടി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്.1998 മുതൽ 2015 വരെ 18 വർഷത്തോളം അദ്ദേഹം സിപിഐ എം കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. ഏറ്റവും കൂടുതൽ കാലം ഈ പദവിയിലിരുന്ന നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന്റേതാണ്. 2002 മുതൽ പാർടി പൊളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിക്കുന്നു.1970ൽ തന്റെ 25-ാം വയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന റെക്കോർഡോടെയാണ് അദ്ദേഹം സഭയിലെത്തുന്നത്. തുടർന്ന് 1977, 1991 വർഷങ്ങളിൽ കൂത്തുപറമ്പിൽ നിന്നും 1996-ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996-ലെ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.പിന്നീട് 2016, 2021, 2026 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ധർമടം മണ്ഡലത്തിൽ നിന്നാണ് പിണറായി വിജയൻ വിജയിച്ചത്.
2016-ൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ 2018-ലെ മഹാപ്രളയം, നിപ വൈറസ് ബാധ എന്നിവയുടെ സമയത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (യുഎസ്എ) അദ്ദേഹത്തെ ആദരിച്ചിരുന്നു. 2018-ൽ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള ഗാന്ധിദർശൻ പുരസ്കാരവും ലഭിച്ചു.കേരളത്തെ രാജ്യത്തെ ആദ്യ പൂർണ്ണ ഇ-ഗവേൺസ് സംസ്ഥാനമായി പ്രഖ്യാപിച്ചതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷത്തിലധികം ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നൽകാൻ കഴിഞ്ഞു. കെ-ഫോൺ പദ്ധതിയിലൂടെ ഇന്റർനെറ്റ് അവകാശമാക്കി മാറ്റുകയും ദൂരപ്രദേശങ്ങളിലേക്ക് ഉൾപ്പെടെ കണക്റ്റിവിറ്റി എത്തിക്കുകയും ചെയ്തു.ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, വിഴിഞ്ഞം തുറമുഖം പോലുള്ള വലിയ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹത്തിന്റെ കാലത്താണ് വേഗത്തിലാക്കിയത്. പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തി കോവിഡ് കാലത്ത് കേരള മോഡൽ ശ്രദ്ധേയമാക്കാനും സാധിച്ചു. സർക്കാർ സ്കൂളുകളുടെ ഹൈടെക് നവീകരണവും വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മാറ്റങ്ങളും ഈ ഭരണകാലയളവിലെ പ്രധാന നേട്ടങ്ങളാണ്.






