തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചത് അന്വേഷിക്കാൻ സര്‍ക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. വിഡി സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരമേറ്റതിന് പിന്നാലെയാണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
2023 ഡിസംബറിലാണ് സംഭവം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും എസ് സന്ദീപും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്തിരുന്നു. പൊലീസ് കേസെടുക്കാനും തയ്യാറായിരുന്നില്ല. തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. പിന്നീട് കോടതി നിർദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.






