spot_img
Sunday, May 31, 2026

താമരശ്ശേരി ചുരത്തിൽ യാത്രാദുരിതം മൂന്നാം ദിവസത്തിലേക്ക്; ഇന്നും കുരുക്ക് രൂക്ഷമായി തുടരുന്നു




താമരശ്ശേരി ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂന്നാം ദിവസമായ ഇന്നും (ഞായറാഴ്ച) തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച യാത്രാദുരിതത്തിന് ഇനിയും യാതൊരു ശമനവുമില്ലെന്നാണ് ഇന്നത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രിയും ചുരമിറങ്ങാൻ എത്തിയ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അർദ്ധരാത്രി പിന്നിട്ട് പുലർച്ചെ രണ്ടു മൂന്ന് മണി വരെ ചുരത്തൽ ലക്കിടി മുതൽ ആറാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിപ്പോയ അത്യാവശ്യ യാത്രക്കാരും രോഗികളും അനുഭവിച്ച പ്രയാസങ്ങൾ വിവരിക്കാനാകാത്തതാണ്.

ഇത്രയൊക്കെയായിട്ടും ഇന്ന് ഞായറാഴ്ച രാവിലെ മുതൽ വീണ്ടും ചുരം കയറാൻ നൂറുകണക്കിന് വാഹനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ചുരത്തിലെ കയറ്റത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ വിനോദസഞ്ചാരികൾ മടങ്ങിയിറങ്ങുമ്പോൾ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത. അതിനാൽ, പൊതുജനങ്ങൾ ദയവായി സാഹചര്യം മനസ്സിലാക്കി അത്യാവശ്യമല്ലാത്ത ചുരം വഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ലെയ്ൻ അച്ചടക്കമില്ലായ്മയും, അനാവശ്യ ഓവർടേക്കിംഗും; താമരശ്ശേരി ചുരത്തെ നരകതുല്യമാക്കുന്നത് ചില ഡ്രൈവർമാരുടെ സ്വാർത്ഥത

താമരശ്ശേരി ചുരത്തിൽ മൂന്നാം ദിവസവും തുടരുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പിന്നിൽ വാഹനങ്ങളുടെ പെരുപ്പം മാത്രമല്ല, ചില ഡ്രൈവർമാരുടെ അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗ് ശൈലി കൂടിയാണെന്ന് വ്യക്തമാകുന്നു. മണിക്കൂറുകളോളം നീളുന്ന ഈ യാത്രാദുരിതത്തിന് പ്രധാന കാരണം ചെറിയ വാഹനങ്ങളും മറ്റു ചിലരുമുണ്ടാക്കുന്ന ലെയ്ൻ ട്രാഫിക് ലംഘനങ്ങളാണ്. ചുരത്തിലെ ബ്ലോക്കിൽ ക്ഷമയില്ലാതെ, ലെയ്ൻ തെറ്റിച്ച് എതിർദിശയിലൂടെ മുന്നോട്ട് കയറിപ്പോകാൻ ശ്രമിക്കുന്നതാണ് കുരുക്ക് കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

ഇത്തരത്തിൽ നിയമം തെറ്റിച്ച് ഓവർടേക്ക് ചെയ്ത് കയറുന്ന വാഹനങ്ങൾ, മുന്നിൽ മറ്റ് വലിയ വാഹനങ്ങളോ എതിർദിശയിൽ നിന്ന് വരുന്ന വണ്ടികളോ കാണുമ്പോൾ പെട്ടെന്ന് സൈഡ് കൊടുക്കാൻ കഴിയാതെ പാത പൂർണ്ണമായും അടയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു വശത്ത് നിന്ന് കയറിപ്പോകുന്ന വണ്ടികൾ ലെയ്ൻ തെറ്റിച്ച് നിൽക്കുന്നതോടെ മറുഭാഗത്ത് നിന്ന് കൃത്യമായി ഇറങ്ങിവരുന്ന വാഹനങ്ങൾക്കും പോകാൻ വഴിയില്ലാതാകുന്നു. ഇതോടെ ഇരുവശത്തുനിന്നുമുള്ള ഗതാഗതം പൂർണ്ണമായി സ്തംഭിക്കുകയും, മിനിറ്റുകൾക്കുള്ളിൽ മാറേണ്ട കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഭീകരാവസ്ഥയിലേക്ക് മാറുകയും ചെയ്യുകയാണ്.


ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന രോഗികൾക്കും അത്യാവശ്യ യാത്രക്കാർക്കും പോലും വഴി നൽകാതെയുള്ള ഈ ‘കടന്നുപിടുത്തം’ വലിയ ക്രൂരതയാണ്. ഡ്രൈവർമാർ ദയവായി മനസ്സിലാക്കുക, നിങ്ങളെടുക്കുന്ന അനാവശ്യ ധൃതിയും സ്വാർത്ഥതയും തകർക്കുന്നത് ആയിരക്കണക്കിന് മനുഷ്യരുടെ സമയവും ജീവനുമാണ്. ചുരം പോലുള്ള ഇടുങ്ങിയ റോഡുകളിൽ കൃത്യമായി ലെയ്ൻ പാലിക്കുകയും, മുന്നിലുള്ള വാഹനം നീങ്ങുന്നതിനനുസരിച്ച് മാത്രം മുന്നോട്ട് പോവുകയും ചെയ്യുക. നിങ്ങളുടെ ഒരു തെറ്റായ ഓവർടേക്കിംഗ് മതി ചുരത്തെ പൂർണ്ണമായും നിശ്ചലമാക്കാൻ. ദയവായി അച്ചടക്കത്തോടെ വണ്ടിയോടിക്കുക, മറ്റുള്ളവരുടെ യാത്രയെക്കൂടി മാനിക്കുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles