കോഴിക്കോട്: ആകാശവാണിയുടെ മലയാളം വാർത്താ വിഭാഗത്തിൽ ഇനി സ്റ്റാഫ് ന്യൂസ് റീഡർമാരുടെ സുപരിചിത ശബ്ദങ്ങൾ കേൾക്കില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ആകാശവാണിയിൽ വാർത്താ അവതാരകനായ അനിൽ ചന്ദ്രൻ ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കുന്നതോടെ മലയാളം വാർത്താ വിഭാഗത്തിൽ ഒരു യുഗത്തിന് വിരാമമാകും. ഇതോടെ തിരുവനന്തപുരം, കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗങ്ങളിൽ ഇനി കോൺട്രാക്ട്/കാഷ്വൽ വാർത്താ അവതാരകർ മാത്രമായിരിക്കും വാർത്തകൾ അവതരിപ്പിക്കുക. നിലവിൽ കോഴിക്കോട് നിലയത്തിൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ ഗ്രേഡ്-2 ആയി സേവനമനുഷ്ഠിക്കുകയാണ് അനിൽ ചന്ദ്രൻ.
ഗോപൻ, രാമചന്ദ്രൻ, മാവേലിക്കര രാമചന്ദ്രൻ, രത്നാ ബായ്, പ്രതാപൻ, സത്യന്ദ്രൻ, ശങ്കര നാരായണൻ, സുഷമ, ശ്രീകുമാർ തുടങ്ങി ശബ്ദഗാംഭീര്യം കൊണ്ട് ശ്രോതാക്കളെ ആകർഷിച്ച നിരവധി വാർത്താ അവതാരകരുടെ പാരമ്പര്യമുണ്ടായിരുന്നു ആകാശവാണിക്ക്. കഴിഞ്ഞ വർഷം വിരമിച്ച ഹക്കീം കൂട്ടായിയായിരുന്നു സ്ഥിരം നിയമനത്തിലുള്ള അവസാന വാർത്താ അവതാരകൻ. 1997ലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. അതിന് ശേഷം സ്ഥിരം ന്യൂസ് റീഡർമാരെ നിയമിച്ചിട്ടില്ല. കാഷ്വൽ ന്യൂസ് റീഡർമാരുടെ പാനലിലുള്ളവരും കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ട ജീവനക്കാരുമാണ് ഇപ്പോൾ വാർത്തകൾ അവതരിപ്പിക്കുന്നത്.
പാലാ രാമപുരം സ്വദേശിയായ അനിൽ ചന്ദ്രൻ പടിയിറങ്ങുമ്പോൾ 30 വർഷത്തിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനാണ് വിരാമമാകുന്നത്. 1995 ഒക്ടോബർ 19 ന് ഡൽഹി ആകാശവാണി മലയാള വാർത്താ വിഭാഗത്തിൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ ഗ്രേഡ് 3 ആയിട്ടായിരുന്നു തുടക്കം. അന്ന് പ്രശസ്ത വാർത്ത അവതാരകൻ ഗോപനായിരുന്നു വാർത്താ യൂണിറ്റിന്റെ മേധാവി. സുഷമാ, ശ്രീകുമാർ, ശ്രീദേവി തുടങ്ങിയ പ്രമുഖരായ വാർത്താ അവതാരകരോടൊപ്പം പ്രവർത്തിച്ചു. സത്യേന്ദ്രൻ, മാവേലിക്കര രാമചന്ദ്രൻ തുടങ്ങിയവർ റിട്ടയർമെന്റിന് ശേഷവും കാഷ്വൽ ന്യൂസ് റീഡർമാരായി വരുമ്പോൾ അവർക്കൊപ്പവും വാർത്തകൾ തയ്യാറാക്കാനും അവതരിപ്പിക്കാനും അനിൽ ചന്ദ്രന് അവസരം ലഭിച്ചു. 1997 മേയ് മാസത്തിലാണ് അദ്ദേഹം ഡൽഹിയിൽ നിന്ന് കോഴിക്കോട് പ്രാദേശിക വാർത്താ യൂണിറ്റിലേക്ക് സ്ഥലം മാറുന്നത്.
വാർത്താ അവതാരക പരീക്ഷ രണ്ടു തവണ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. മൂന്നാം തവണത്തെ ശ്രമത്തിലാണ് ജോലി ലഭിക്കുന്നത്. 1997 ൽ എൻ എൻ കക്കാടിന് വയലാർ അവാർഡ് സമ്മാനിച്ച വേളയിൽ സംഘടിപ്പിച്ച സംസ്ഥാനതല കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണ് ആകാശവാണിയുമായുള്ള ബന്ധം തുടങ്ങുന്നത്. അന്ന് കവിത ആലപിക്കാൻ പ്രോഗ്രാം എക്സിക്യുട്ടീവായിരുന്ന ആർ ശ്രീകണ്ഠൻ നായർ (ഇപ്പോൾ 24 ന്യൂസിന്റെ ചീഫ് എഡിറ്റർ) ക്ഷണിച്ചെങ്കിലും ആലാപനം വശമില്ലാത്തതിനാൽ നിലയത്തിലെ കലാകാരനാണ് അത് അവതരിപ്പിച്ചത്. പിന്നീട് ആകാശവാണിയിൽ കവിതാവതരണവും കഥാവതരണവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലേറെ എപ്പിസോഡുകൾ പിന്നിട്ട ജനപ്രിയ പരിപാടിയായ ‘വാർത്താ ദീപ്തി’യുടെ ഭൂരിഭാഗം എപ്പിസോഡുകളുടെയും സ്ക്രിപ്റ്റും അവതരണവും നിർവ്വഹിച്ചതും അനിൽ ചന്ദ്രൻ ആയിരുന്നു.
തൃശൂർ ശ്രീ കേരള വർമ്മ കോളജിൽ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ അനിൽ ചന്ദ്രൻ, കാക്കനാട് കേരള പ്രസ് അക്കാദമിയിൽ നിന്ന് (ഇന്നത്തെ മീഡിയ അക്കാദമി) മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മൂന്നാം റാങ്കോടെയാണ് പി ജി ഡിപ്ലോമ പാസ്സായത്. മാതൃഭൂമി ദിനപത്രത്തിലെ ഇൻ്റേൺഷിപ്പിന് ശേഷം മംഗളം ദിനപ്പത്രത്തിലും പിന്നീട് ചെന്നൈയിൽ മദർലാൻ്റ് പബ്ലിക്കേഷൻസ് തുടങ്ങാനിരുന്ന പത്രത്തിലും പ്രവർത്തിച്ചു. ഇതിനു ശേഷമാണ് ആകാശവാണിയിൽ നിയമിതനാകുന്നത്. ഇതിനിടെ, 2007 ൽ മധുര യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ & ജേർണലിസത്തിൽ എം എ ബിരുദവും സ്വന്തമാക്കി.
അനിൽ ചന്ദ്രൻ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്ന ഇതേ ദിവസം തന്നെയാണ് ഭാര്യ ശ്രീകലയും കാലിക്കറ്റ് സർവകലാശാലയിലെ സെക്ഷൻ ഓഫീസർ തസ്തികയിൽനിന്ന് വിരമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മകൻ അർജുൻ വൈശാഖ് എഴുത്തിന്റെ വഴിയിലാണ്. ‘ദി പ്രൊഫറ്റിക് കേഴ്സ്’ അടക്കം മൂന്ന് ഇംഗ്ലീഷ് നോവലുകൾ അർജുൻ രചിച്ചിട്ടുണ്ട്. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചാലും റേഡിയോ ശ്രോതാക്കളുടെ മനസ്സിൽ അനിൽ ചന്ദ്രൻ എന്ന വാർത്താ അവതാരകന്റെ ഗാംഭീര്യമുള്ള ശബ്ദം എന്നും നിലനിൽക്കും.






