തിരുവനന്തപുരം : മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു.പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന ഇടക്കാല റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കു പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 608 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് പാട്ടത്തിന് നൽകാം. കൃഷിയും ചെറിയ രീതിയിലുള്ള നിർമാണങ്ങളുമെല്ലാം ഇതിൽ സാധ്യമാകും. എന്നാൽ, വലിയ നിർമാണങ്ങൾ പറ്റില്ല.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടത്തിൽ നിർമാണം. പിന്നീടിത് രണ്ടാംഘട്ടമായി കാസർകോട്ടേയ്ക്ക് നീട്ടാനാകും.മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ വേഗത്തിലുള്ള ട്രെയിൻ സർവീസ് കേരളത്തിലെ സാഹചര്യങ്ങൾക്ക് ഗുണകരമല്ല. കേരളത്തിൽ ജനവാസമേഖലകൾ കൂടുതലാണ്. അതിനാൽ സ്റ്റേഷനുകൾ അടുത്തടുത്ത് വേണം. 800 രൂപയാണ് ടിക്കറ്റ് നിരക്ക് ഉദ്ദേശിക്കുന്നത്. ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും. ഒരു ദിവസം 2.28 ലക്ഷം ആളുകൾക്ക് യാത്രചെയ്യാം. ഒരു ട്രെയിനിൽ 800 യാത്രക്കാരെ ഉൾക്കൊള്ളും. 12 കോച്ചുകളാണ് ഉള്ളത്.കൊച്ചി മെട്രോയിൽ ചെയ്തതുപോലെ അതിവേഗ റെയിലിന്റെ നിർമാണം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി.) ഏൽപ്പിക്കണം.
നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇതാവശ്യമാണ്. മറ്റേതെങ്കിലും ഏജൻസിയാണെങ്കിൽ നിർമാണം തുടങ്ങുന്നതിലുൾപ്പെടെ കാലതാമസം വരും.ആദ്യം തയ്യാറാക്കിയതിൽനിന്ന് കുറച്ച് വ്യത്യാസങ്ങളോടെയുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. പദ്ധതിത്തുകയിലും പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികവിദ്യയിൽ വലിയ വ്യത്യാസമില്ല. സൗരോർജത്തിലായിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. രാജ്യത്ത് ആദ്യമാണ് ഇത്തരത്തിലൊന്ന്.തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെത്തുന്നതിന് 3.30 മണിക്കൂർ വേണം. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്.
ആദ്യമിത് 55,000 കോടിയായിരുന്നു. സൗരോർജത്തിലേക്ക് മാറുന്നതിന്റെ ചെലവുകൾ കൂടി കണക്കാക്കുമ്പോഴാണ് പദ്ധതിച്ചെലവിലെ മാറ്റം. സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.പദ്ധതിത്തുകയിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ചില ക്രമീകരണങ്ങൾ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം. ഇതിനായി ഓഹരികൾ നൽകിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയാണ് നിർദേശിച്ചിരിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.






