spot_img
Sunday, August 2, 2026

പ്രിയദർശിനി; ‘ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, തെറ്റായ വാർത്ത വിശ്വസിക്കരുത്’: കെഎസ്ആർടിസി.



തിരുവനന്തപുരം: ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമാണുള്ളതെന്നും സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

സിറ്റി ഫാസ്റ്റിന് പ്രത്യേക നിരക്കും പ്രത്യേക സര്‍വീസ് വിഭാഗവുമാണ്. ഓര്‍ഡിനറി ബസുകള്‍ എല്ലാം പഴയതുപോലെ തന്നെ തുടരുന്നു. പദ്ധതിയില്‍ ഉള്‍പ്പെട്ട ബസുകളില്‍ വ്യക്തമായ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 384 സിറ്റി ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

687 ഓര്‍ഡിനറി ബസുകളും സര്‍വീസിലുണ്ടെന്നാണ് കണക്ക്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തേ തന്നെ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചു.അതേസമയം തിരുവനന്തപുരം നഗരത്തില്‍ സൗജന്യ ബസ്സുകള്‍ കുറവാണെന്നാണ് കണക്ക്. നഗരത്തില്‍ 95 ശതമാനവും സിറ്റി ഫാസ്റ്റ് മാത്രമാണുള്ളത്. വെള്ളനാട് നിന്ന് നഗരത്തിലേക്ക് നേരിട്ട് ഓര്‍ഡിനറി ബസ്സില്ല. സിറ്റി ഡിപ്പോ പരിധിയില്‍ ആണ് വെള്ളനാട് ഉള്‍പ്പെടുന്നത്. മറ്റ് സിറ്റി ഡിപ്പോകളിലും ഓര്‍ഡിനറി വളരെ കുറവാണ്.

എന്നാല്‍ തിരുവനന്തപുരം നഗരം വിട്ടാല്‍ ഓര്‍ഡിനറി ധാരാളം ഉണ്ട്. കോര്‍പ്പറേഷന്‍ കൊടുത്ത സ്മാര്‍ട്ട് സിറ്റി ഇലക്ട്രിക് ബസ്സുകള്‍ സിറ്റി ഫാസ്റ്റ് ആണ്.തിങ്കളാഴ്ച മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയായിരുന്നു പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.

സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles