spot_img
Thursday, June 18, 2026

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി.



ദുബൈ: യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗമാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം കർശനമായി നിയന്ത്രിക്കുന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി പ്രൊഫൈലുകൾ നിർമിക്കുന്നതും, കമന്റ് ചെയ്യുന്നതും, ഗ്രൂപ്പുകളിലും ഓപ്പൺ ചാനലുകളിലും ഭാഗമാകുന്നതും പൂർണമായി നിരോധിച്ചു. മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ പോലും ഈ നിരോധനത്തിൽ ഇളവ് ലഭിക്കില്ല.15-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും ഇവർക്ക് കർശനമായ നിയന്ത്രണങ്ങളുണ്ടാകും.

അപരിചിതരുമായുള്ള ചാറ്റിങ് തടയുക, ഉപയോഗ സമയം പരിമിതപ്പെടുത്തുക, മാതാപിതാക്കളുടെ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ പ്ലാറ്റ്ഫോമുകൾ നിർബന്ധമായും ഒരുക്കണം.വെറുതെ പ്രായം ടൈപ്പ് ചെയ്ത് നൽകുന്ന രീതി ഇനി അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയുള്ള ബയോമെട്രിക് ടൂളുകൾ വഴി ഉപയോക്താക്കളുടെ കൃത്യമായ പ്രായം പ്ലാറ്റ്ഫോമുകൾ പരിശോധിച്ചുറപ്പാക്കണം. കുട്ടികളുടെ സ്വകാര്യത മാനിച്ചുകൊണ്ട് മാത്രമായിരിക്കണം ഈ വിവരശേഖരണം.

15 വയസ്സിന് താഴെയുള്ള കുട്ടികൾ നിയമവിരുദ്ധമായി നിർമിച്ച അക്കൗണ്ടുകൾ കണ്ടെത്തി ഉടനടി സസ്പെൻഡ് ചെയ്യാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ടാർഗെറ്റഡ്/ബിഹേവിയറൽ പരസ്യങ്ങൾ നൽകാനോ അവരുടെ ഡിജിറ്റൽ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്നും നിയമം പറയുന്നു. കുട്ടികൾ വ്യാജമായി പ്രായം കാണിച്ചല്ല അക്കൗണ്ട് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാനും അവരുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കാനും രക്ഷിതാക്കൾക്കാണ് ബാധ്യത.

2024-ലെ സർവേ പ്രകാരം, യുഎഇയിലെ കുട്ടികൾ ദിവസവും ഏകദേശം മൂന്ന് മണിക്കൂർ ഇത്തരം പ്ലാറ്റ്ഫോമുകളിൽ ചെലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ ബുദ്ധിമുട്ടുകൾ, ചില സന്ദർഭങ്ങളിൽ സംസാരശേഷി വൈകൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. യുകെ, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സമാനമായി കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

നാഷണൽ മീഡിയ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (TDRA) എന്നിവയ്ക്കാണ് നിയമം നടപ്പിലാക്കാനുള്ള മേൽനോട്ട ചുമതല. നിയമം പാലിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കടുത്ത പിഴ ചുമത്താനും, ആവശ്യമായി വന്നാൽ രാജ്യത്ത് ഭാഗികമായോ പൂർണമായോ ബ്ലോക്ക് ചെയ്യാനും അതോറിറ്റികൾക്ക് പൂർണ അധികാരമുണ്ടാകും. പുതിയ നിയമങ്ങളിലേക്ക് മാറുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles