കോഴിക്കോട് : സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 233 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾപ്രവേശനം നേടി. സ്കൂൾ മിക്സഡ് ആക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഇത്തവണ പ്ലസ് വണിലേക്ക് ഇതുവരെ 25 പെൺകുട്ടികൾ പ്രവേശനം നേടിക്കഴിഞ്ഞു. ഈ വർഷം മാനേജ്മെന്റ് സീറ്റിൽ ഉൾപ്പെടെ 60 പെൺകുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ മാനേജ്മെന്റ്. പയ്യാനക്കൽ സ്വദേശിനിയും ആംഗ്ലോ ഇന്ത്യൻസ് ഗേൾസ് സ്കൂളിൽ നിന്നു പത്താംക്ലാസ് പാസായ കെ.ശിവാനിയാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനിയായി പ്രവേശനം നേടി ചരിത്രത്തിൽ ഇടം പിടിച്ചത്.
പ്ലസ്വൺ കംപ്യൂട്ടർ സയൻസിനാണു പ്രവേശനം നേടിയത്. ഈ ബാച്ചിലേക്ക് ശിവാനി ഉൾപ്പെടെ 4 പെൺകുട്ടികൾ ഇതുവരെ പ്രവേശനം നേടി.നഗരത്തിലെ ഗേൾസ് സ്കൂളുകളായ വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ്, പ്രോവിഡൻസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു കൂടുതൽ അപേക്ഷിച്ചിട്ടുള്ളത്.സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന പൊതുവിദ്യാലയങ്ങളിൽ ഒന്നായ ഈ സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ അഞ്ചാം ക്ലാസിലേക്കും പെൺകുട്ടികൾക്ക് പ്രവേശനം നൽകാനാണു തീരുമാനം.
സംസ്ഥാന സർക്കാർ മുന്നോട്ടു വയ്ക്കുന്ന സഹ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു സ്കൂൾ ചരിത്രപരമായ ഈ മാറ്റത്തിലേക്കു കടന്നതെന്നും മികച്ച വിദ്യാഭ്യാസത്തിനും വിദ്യാർഥികളുടെ വ്യക്തിത്വ വളർച്ചയ്ക്കും സഹ വിദ്യാഭ്യാസ പദ്ധതിയാണ് നല്ലതെന്നും പ്രിൻസിപ്പൽ ഫാ.സൂരജ് ഡൊമിനിക് പറഞ്ഞു. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസിൽ ആദ്യമായി പ്രവേശനം നേടിയ പെൺകുട്ടി കെ.ശിവാനിയെ പ്രിൻസിപ്പൽ ഫാ.സൂരജ് ഡൊമിനിക് സ്വീകരിക്കുന്നു.






