നിലമ്പൂർ : പൊതുറോഡിൽ മറ്റ് യാത്രക്കാർക്ക് വലിയ രീതിയിൽ അപകട ഭീഷണിയും ഭീതിയും ഉയർത്തുന്ന തരത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി, സൈലൻസറിലൂടെ വലിയ ശബ്ദത്തോടെ തീ തുപ്പുന്ന കാറുമായി കോളേജ് വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടിയിലായി
നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്ത് വെച്ചാണ് അപകടകരമായ രീതിയിൽ പാഞ്ഞു വന്ന വാഹനം ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ ഈ കാറിന്റെ രജിസ്‌ട്രേഷൻ ഉടൻ തന്നെ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ.കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള പഴയ മോഡൽ കാറിലാണ് മോട്ടോർ വാഹന നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി വൻ രൂപമാറ്റം വരുത്തിയിരുന്നത്.
കാറിന്റെ യഥാർത്ഥ സൈലൻസർ പൂർണ്ണമായും അഴിച്ചുമാറ്റി, പ്രത്യേക സംവിധാനത്തിലൂടെ വലിയ ശബ്ദത്തോടൊപ്പം പുറത്തേക്ക് തീ ജ്വാലകൾ വറ്റുന്ന അതീവ അപകടകരമായ രീതിയിലാണ് ഇത് റീ-ഡിസൈൻ ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം നിലമ്പൂർ മേഖലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക നൈറ്റ് പെട്രോളിംഗിനിടയിലാണ് ഈ വാഹനം വലയിലാകുന്നത്. പിടികൂടുമ്പോൾ സമീപത്തെ ഒരു കോളേജിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പ്രതികൾ വിദ്യാർത്ഥികളായതിനാലാണ് നിലവിൽ പോലീസ് കേസുകൾ ഉൾപ്പെടെയുള്ള മറ്റ് കർശന നടപടികളിലേക്ക് കടക്കാതെ താൽക്കാലികമായി ഒഴുവാക്കിയതെന്ന് ഉദ്യോഗസ്ഥർ. വരും ദിവസങ്ങളിലും മലയോര മേഖലകളിൽ ഉൾപ്പെടെ പ്രത്യേക പരിശോധനകൾ കർശനമാക്കുമെന്നും, നിയമവിരുദ്ധമായി സൈലൻസറുകളും എൽ.ഇ.ഡി ലൈറ്റുകളും മാറ്റിസ്ഥാപിച്ച് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ ആർ.സി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി.ഡി അധികൃതർ.






