spot_img
Thursday, June 18, 2026

പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകണം’; ഓപ്പറേഷൻ തൂഫാൻ സജീവമാക്കാൻ നിർദ്ദേശം നൽകി സാദിഖലി തങ്ങൾ .



കോഴിക്കോട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാൻ നിർദ്ദേശം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ .

നാളെ പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണമെന്നും സാദിഖലി തങ്ങള്‍ ഖാസിയായിട്ടുള്ള മഹല്ലുകള്‍ക്ക് നിർദ്ദേശം നല്‍കി.

സാദിക്കലി ശിഹാബ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ടതും കാലികവുമായ പദ്ധതികളിലൊന്നാണ് ഓപ്പറേഷന്‍ തൂഫാന്‍. ഈ തലമുറയോടും വരും തലമുറകളോടും ചെയ്യുന്ന ഏറ്റവും വലിയ നീതി. ലഹരിയുടെ കണ്ണിയറുക്കുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞതായിരുന്നു. അധികാരത്തിലെത്തിയ ഉടന്‍ സര്‍ക്കാര്‍ ആരംഭിച്ച പ്രവര്‍ത്തനം വളരെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ നടത്തുന്ന ഗൗരവതരമായ ഇടപെടല്‍ ശ്ലാഘനീയമാണ്. തൂഫാന്റെ വിജയത്തിനായി അദ്ദേഹം പ്രകടിപ്പിക്കുന്ന വ്യക്തിപരമായ താല്‍പര്യം ഏറെ പ്രശംസ അര്‍ഹിക്കുന്നു ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ലഹരിയെന്ന വിപത്തിനെ നമുക്ക് പൂര്‍ണമായും തൂത്തെറിയാന്‍ സാധിക്കൂ. അതിന് നമ്മള്‍ ഓരോരുത്തരും രംഗത്തിറങ്ങേണ്ടതുണ്ട്. മത, രാഷ്ട്രീയ സംഘടനകള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരായ തൂഫാന്‍ കിക്ക് ക്യാമ്പയിന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു. മറ്റു യുവജന-വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. മഹല്ലുകളുടെയും റെസിഡന്‍സ് അസോസിയേഷന്റെയും മറ്റു കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ വ്യാപകമായ ഇടപെടല്‍ നടത്തണം.നാളെ വെള്ളിയാഴ്ച, ജുമുഅ ദിവസം പള്ളികളില്‍ ഇതുസംബന്ധിച്ച ഉദ്ബോധനം നല്‍കണം. യുവജനങ്ങളെ കൂടി ഉള്‍പ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണം. മക്കളുടെ മാറ്റങ്ങള്‍ ഏറ്റവും നന്നായി അറിയാന്‍ കഴിയുന്ന മാതാ- പിതാക്കള്‍ക്ക് പ്രത്യേകമായ ബോധവത്കരണം നല്‍കണം. ഒറ്റക്കെട്ടായി നമുക്ക് ലഹരിയുടെ വേരറുക്കാം. എല്ലാ തിന്മകളുടെയും താക്കോലെന്ന് വിശേഷിപ്പിക്കപ്പെട്ട ലഹരിയുടെ ഉപയോഗത്തെ നമുക്ക് ഇല്ലാതാക്കാം.




LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles