spot_img
Monday, August 10, 2026

ലൈറ്റ് മെട്രോ പദ്ധതി; നഗരത്തിലെ കുരുക്കഴിയും എന്ന പ്രതീക്ഷയിൽ കോഴിക്കോട്.



കോഴിക്കോട് : ദേശീയ പാതാ വികസനം, മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം തുടങ്ങി നഗരവികസനത്തിൽ മുന്നേറിത്തുടങ്ങിയെങ്കിലും രാവിലെയും വൈകിട്ടും പ്രധാന പാതകളിൽ കുരുക്കഴിയാതെ തുടരുന്ന കോഴിക്കോടിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലൈറ്റ് മെട്രോ പദ്ധതി.

ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളജ് ഹോസ്റ്റൽ മുതൽ മീഞ്ചന്ത വരെ നീളുന്ന 14.2 കിലോമീറ്റർ പാതയാണ് പരിഗണനയിലുള്ളത്. മെഡിക്കൽ കോളജ് ഹോസ്റ്റൽ, മെഡിക്കൽ കോളജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി, പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിങ്ങനെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ചർച്ചയിൽ ഉളളത്.

കരിപ്പൂർ എയർപോർട്ട്, രാമനാട്ടുകര, വെസ്റ്റ് ഹിൽ, കോഴിക്കോട് ബീച്ച് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അനുബന്ധ പാതകളും സമഗ്ര ഗതാഗത പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ട് ലൈറ്റ് മെട്രോ നടപ്പാക്കാൻ ഒരുങ്ങുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) പരിഗണിക്കുന്നു. മീഞ്ചന്തയിൽനിന്നു രാമനാട്ടുകര വഴി കൊണ്ടോട്ടി കടന്ന് കരിപ്പൂർ വിമാനത്താവളം വരെ നീളുന്ന പാതയാണ് ഇതിൽ വിഭാവനം ചെയ്യുന്നത്.

ഇത് യാഥാർഥ്യമായാൽ മലബാർ മേഖലയിലെ പ്രവാസികൾക്കും മറ്റു യാത്രികർക്കും നഗരത്തിൽനിന്നു വിമാനത്താവളത്തിലേക്ക് വളരെ വേഗം എത്തിച്ചേരാനാകും.കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് മാത്രം ഏകദേശം 2,700 കോടി രൂപ മുതൽ 3,000 കോടി രൂപ വരെയാണ് പ്രോജക്ട് ചെലവ് കണക്കാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയും ബാക്കി തുക രാജ്യാന്തര ധനകാര്യ ഏജൻസികളിൽ നിന്നുള്ള വായ്പ വഴിയും കണ്ടെത്താനാണ് കെഎംആർഎൽ പദ്ധതി. മെഡിക്കൽ കോളജ് ഹോസ്റ്റലിന് സമീപമുള്ള 5.2 ഹെക്ടർ സർക്കാർ ഭൂമിയാണ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ഡിപ്പോ നിർമിക്കാൻ കണ്ടെത്തിയിട്ടുള്ളത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles