കോഴിക്കോട്: കര്‍ണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആര്‍ടിസി അപകടത്തില്‍ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വാഹനത്തിന് പഴക്കമില്ലെന്ന് വ്യക്തമായെന്നും സി പി ജോണ്‍ പറഞ്ഞു. ഡ്രൈവര്‍ മിഥിലേഷ് ലോങ് ട്രിപ്പ് ഓടിച്ചിരുന്ന ആളാണ്. പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവർ സൈന്‍ ഓണ്‍ ചെയ്തതെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം അപാകതയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.ഡ്രൈവര്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്തത് അപകട കാരണമായതായി ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തിന് തൊട്ടുമുന്‍പുള്ള ദിവസം മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് ഓടിച്ച ഡ്രൈവറെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര സര്‍വീസിന് വീണ്ടും അയച്ചുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിന് പുറമേ ദീര്‍ഘദൂര സര്‍വീസുകളില്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ നിയോഗിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരനാണ് ബസ് ഓടിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മിഥിലേഷും കണ്ടക്ടര്‍ അരുണും മരിച്ചത്. മിഥിലേഷ് താല്‍ക്കാലിക ജീവനക്കാരനാണന്നും പത്ത് ലക്ഷം രൂപയാണ് നല്‍കാന്‍ കഴിയുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഈ തുക വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്നും സി പി ജോണ്‍ പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചാല്‍ താല്‍ക്കാലികമായെങ്കിലും ജോലി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബസ് ഓടുന്ന സമയം വര്‍ധിപ്പിക്കേണ്ടിവരുമെന്നും സി പി ജോണ്‍ പറഞ്ഞു. അന്തര്‍സംസ്ഥാന സര്‍വീസിന് മുഴുവന്‍ പുതിയ ബസുകള്‍ നല്‍കാന്‍ കഴിയുന്ന സാഹചര്യമില്ല. നവീകരിക്കാനുള്ള സംവിധാനം ഉണ്ട്. ചില ബസുകളില്‍ അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കണ്ടക്ടര്‍ കം ഡ്രൈവര്‍ നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പ്രൊപ്പോസല്‍ നല്ലതാണ്. പുതിയ നിയമനം നടത്തുമ്പോള്‍ മള്‍ട്ടി ടാസ്‌ക് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച സംഭവത്തിലും പിഎം ശ്രീ, വന്ദേമാതരം വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. അധികാരം ദുരുപയോഗിക്കരുതെന്നായിരുന്നു ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച സംഭവത്തില്‍ മന്ത്രിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ ഉണ്ടായത് അസാധാരണ പ്രളയമാണെന്നും ഉദ്യോഗസ്ഥര്‍ അധികാരം മോശമായി ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ആശയമാണെന്നും സൈന്‍ ചെയ്തത് ഈ സര്‍ക്കാര്‍ അല്ലെന്നും സി പി ജോണ്‍ പറഞ്ഞു. സബ് കമ്മറ്റി റിപ്പോര്‍ട്ട് വരട്ടെ. മന്ത്രിമാര്‍ക്ക് മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വം ഉണ്ട്. പി എം ശ്രീയോട് യോജിപ്പില്ലെന്നും സി പി ജോണ്‍ വ്യക്തമാക്കി. വന്ദേമാതരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു സി പി ജോണ്‍ പറഞ്ഞത്. ആദ്യത്തെ ചരണങ്ങള്‍ പാടിയാല്‍ മതിയെന്നാണ് സിഎംപിയുടെ നിലപാട്. ഗാന്ധിയും നെഹ്‌റുവുമുള്ള കാലത്ത് പോലും ആ നിലപാടാണ് സ്വീകരിച്ചതെന്നും സി പി ജോണ്‍ വ്യക്തമാക്കി.






