പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണ് വനിതാ ജീവനക്കാരിക്ക് പരിക്ക്. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ അസിസ്റ്റന്റായ ശ്വേതയ്ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, വലിയ ശബ്ദത്തോടെ മേൽക്കൂരയുടെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ മേൽക്കേക്ക് പതിക്കുകയായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് ജീവനക്കാരും ഓഫീസിലുള്ളപ്പോയായിരുന്നു അപകടം.
പരിക്കേറ്റ ശ്വേതയെ ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഏകദേശം 58 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ജീവനക്കാരും പൊതുജനങ്ങളും ആശങ്ക ഉന്നയിക്കുന്നുണ്ട്.






