ലോസ് ആഞ്ജലസ് : ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി കാനഡ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കാനഡ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 92-ാം മിനിറ്റിലാണ് കാനഡയുടെ വിജയഗോൾ പിറക്കുന്നത്. ഇതാദ്യമായാണ് കാനഡ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലെത്തുന്നത്.മത്സരം ആരംഭിച്ചത് മുതൽ ഇരുടീമുകളും ആക്രമണഫുട്ബോൾ പുറത്തെടുത്തു. ആറാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ടെബോഹോ മോകോന ഗോളിനടുത്തെത്തി. പക്ഷേ, ലക്ഷ്യത്തിലെത്തിയില്ല.
ഏഴാം മിനിറ്റിൽ കാനഡയുടെ സ്റ്റീഫൻ എസ്റ്റാക്വിയോയുടെ ഷോട്ട് ഗോൾ ബാറിന് മുകളിലൂടെ പോയി. പിന്നാലെ മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കളംനിറയുന്നതാണ് കണ്ടത്. 17-ാം മിനിറ്റിൽ കോർണറിൽ നിന്ന് ജൊനാഥൻ ഡേവിഡ് ഷോട്ടുതിർത്തെങ്കിലും പുറത്തേക്ക് പോയി.ആദ്യപകുതിയുടെ അവസാനം കാനഡയുടെ ഗോളെന്നുറച്ച ഷോട്ടുകൾ ദക്ഷിണാഫ്രിക്കൻ പ്രതിരോധം പണിപ്പെട്ടാണ് തടുത്തത്. കോർണറിൽ നിന്നായിരുന്നു കാനഡയുടെ ഗോൾ ശ്രമം. ഗോൾ ലൈൻ സേവുമായി ദക്ഷിണാഫ്രിക്കൻ പ്രതിരോധതാരം രക്ഷകനായി. പിന്നാലെ സേവുമായി ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്ല്യംസുമെത്തി.
അതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. ആദ്യ പകുതിയിൽ ഷോട്ടുകളിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാനഡയാണ് മുന്നിട്ടുനിന്നത്.രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഇരുടീമുകളും മുന്നേറ്റം കടുപ്പിച്ചു. പകരക്കാരെ കളത്തിലിറക്കുകയും ചെയ്തു. 62-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഒസ്വിൻ അപ്പോലിസിന്റെ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ കാനഡയുടെ കൗണ്ടർ അറ്റാക്ക് ദക്ഷിണാഫ്രിക്കൻ ഗോൾമുഖം വിറപ്പിച്ചു. കാനഡ ഗോളിനടുത്തെത്തിയെങ്കിലും ദക്ഷിണാഫ്രിക്ക കൃത്യമായി പ്രതിരോധിച്ച് അപകടം ഒഴിവാക്കി. മികച്ച കൗണ്ടർ അറ്റാക്കുകളുമായി ദക്ഷിണാഫ്രിക്കയും കാനഡയുടെ പെനാൽറ്റി ബോക്സിൽ ഇരച്ചെത്തി.
75-ാം മിനിറ്റിൽ അൽഫോൺസോ ഡേവിസെത്തിയതോടെ കാനഡയുടെ മുന്നേറ്റങ്ങൾക്ക് വേഗത കൂടി.മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ കാനഡ ലീഡെടുത്തു. സ്റ്റീഫൻ എസ്റ്റക്വിയോയാണ് വലകുലുക്കിയത്. വലതുവിങ്ങിലെ ക്രോസ്സ് ദക്ഷിണാഫ്രിക്ക പ്രതിരോധിച്ചെങ്കിലും പന്ത് കിട്ടിയ സ്റ്റീഫൻ കിടിലൻ ഷോട്ടിലൂടെ ഗോളടിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.






