spot_img
Saturday, August 29, 2026

ഫ്രാൻസിനെ തളച്ച് സ്പെയിൻ ഫൈനലിൽ;തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്



ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. ഡള്ളാസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിൻ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. സ്പെയിന് വേണ്ടി മിക്കൽ ഒയാർസബാലും പെഡ്രോ പോറോയും ഗോളുകൾ നേടി. 2010 ൽ കിരീടം നേടിയതിന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. മൂന്ന് തുടർച്ചയായ ലോകകപ്പ് ഫൈനലുകൾ എന്ന ഫ്രാൻസിന്റെ മോഹങ്ങളാണ് ഇതോടെ അവസാനിച്ചത്.മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ സ്പെയിൻ മുന്നിലെത്തി. ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ ബോക്സിനുള്ളിൽ വെച്ച് ലാമിൻ യമാലിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. ലഭിച്ച അവസരം മിക്കൽ ഒയാർസബാൽ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഫ്രഞ്ച് ഗോൾ കീപ്പർ മൈക്ക് മൈഗ്നന് പന്ത് തടയാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ തന്നെ ഫ്രാൻസിന് തിരിച്ചടിയായി പ്രതിരോധ താരം വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടിയും വന്നു.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് മാറ്റങ്ങൾ വരുത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം തകർക്കാൻ കിലിയൻ എംബാപ്പെ നയിച്ച മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. അൻപത്തിയെട്ടാം മിനിറ്റിൽ ഡാനി ഓൽമോയുടെ അസിസ്റ്റിൽ നിന്നും പെഡ്രോ പോറോ സ്പെയിന്റെ രണ്ടാം ഗോൾ നേടി. മികച്ചൊരു ലോ ഫിനിഷിലൂടെയാണ് പോറോ ഫ്രഞ്ച് കീപ്പറെ കീഴടക്കിയത്.ലാമിൻ യമാൽ നേടിയ ഒരു ഗോൾ ഓഫ്സൈഡ് ആയതിനെ തുടർന്ന് റഫറി അനുവദിച്ചില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നിരാശനായ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ മഞ്ഞക്കാർഡും വാങ്ങി. ആറ് ക്ലീൻ ഷീറ്റുകളുമായി മികച്ച പ്രതിരോധം കാഴ്ചവെച്ചാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles