spot_img
Wednesday, July 15, 2026

പ്രവാസി കോർപ്പറേഷൻ രൂപീകരണം സർക്കാരിന്റെ സജീവ പരിഗണനയിൽ: മന്ത്രി പി.കെ. ബഷീർ​.



തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ പ്രവാസി മലയാളികളുടെ വൈദഗ്ധ്യവും സാമ്പത്തിക പങ്കാളിത്തവും കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.

ഇതിനായി പ്രവാസി കോർപ്പറേഷൻ രൂപീകരിച്ച് വികസന പദ്ധതികൾക്കായി ഫണ്ട് സമാഹരിക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിച്ചുവരികയാണ്. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്ക്) സുവർണ ജൂബിലി ആഘോഷം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗൾഫ് രാജ്യങ്ങളുടെ വികസനത്തിൽ പ്രവാസികൾ വഹിച്ച നിർണായക പങ്ക് കേരളത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തേണ്ട സമയമാണിതെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതു-സ്വകാര്യ മാതൃകയിലുള്ള പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധി മറികടക്കാൻ മലബാർ മാതൃകയിലുള്ള ജനകീയ പങ്കാളിത്തത്തിനും സർക്കാർ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സുവർണ ജൂബിലി ലോഗോ പ്രകാശനവും വരാനിരിക്കുന്ന രാജ്യാന്തര കോൺക്ലേവ് ‘ട്രാൻസ്ഫോം 2026’ ന്റെ ലോഗോ പ്രകാശനവും നടന്നു. ഡോ. പി. ഹരിനാരായണൻ അധ്യക്ഷനായ ചടങ്ങിൽ നാറ്റ്പാക്ക് ഡയറക്ടർ പ്രൊഫ. ആശാലത ആർ, ഡോ. എസ്. ഷഹീം, ബിദുർ കാന്ത് ഝാ, കൗൺസിലർ ക്ലീറ്റസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles