spot_img
Saturday, September 12, 2026

അധ്യാപികമാർക്കു പിന്നിൽ വലിയ ശൃംഖല, ഇനിയും അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി.



കോഴിക്കോട്: എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു. കൂടുതൽ അധ്യാപകർക്കു പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം. വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു സംശയമുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കും. ഇനിയും അറസ്റ്റുണ്ടാകുമെന്നും മെറിൻ ജോസഫ് പറഞ്ഞു.

എംഡിഎംഎയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്താക്കി. പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്ക് മുൻപ് അറസ്റ്റിലായ കീർത്തനയുടെ ലഹരി പണമിടപാടുകൾ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണു കാവ്യയെയും അറസ്റ്റ് ചെയ്തത്.

മരുതോങ്കര സ്വദേശി കീർത്തനയെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അതേസമയം, ലഹരിക്കേസിൽ അധ്യാപകർ പിടിയിലായ സംഭവത്തിൽ ഇന്നലെ പേരാമ്പ്ര ബിആർസിയിൽ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഉപരോധ സമരവും നടത്തി.എംഡിഎംഎ കേസിൽ അറസ്റ്റിലായ എസ്എസ്കെ സ്പെഷൽ എജ്യുക്കേറ്റർ കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് പേരാമ്പ്ര ബിആർസി പ്രോജക്ട് ഓഫിസർ ഷാജിമ പറഞ്ഞു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ടായിരുന്നു. ഇതിൽ ക്ലാസെടുത്തത് കായികാധ്യാപികയായ കീർത്തനയാണ്. കീർത്തന അറസ്റ്റിലായെങ്കിലും കാവ്യ ജോലിക്ക് എത്തിയിരുന്നു.ഇരുവരും ഒന്നിച്ചാണു യാത്ര. ഒന്നിച്ചാണു യോഗങ്ങൾക്ക് എത്തിയത്. കീർ‍ത്തന അറസ്റ്റിലായപ്പോൾ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നും കാവ്യ പറഞ്ഞെന്നും ഷാജിമ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles