കോഴിക്കോട് : സായുധസേനയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് ഇനി പുതിയ ജോലി സാധ്യതകള്‍. സെക്യൂരിറ്റി, ഹോം ഗാര്‍ഡ് ജോലികള്‍ മാത്രമല്ല അക്കൗണ്ടിങ് മേഖലയിലും അവര്‍ ഇനി തിളങ്ങും. അതിനായി അവരെ ശാക്തീകരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. കോഴിക്കോട് നിന്ന് സര്‍ട്ടിഫിക്കറ്റ് ഓഫ് അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (കാറ്റ്) പൂര്‍ത്തിയാക്കിയത് 39 സൈനികര്‍. ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ പുതുമയുള്ളതായി. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ റീ സെറ്റില്‍മെന്റ് (ഡിജിആര്‍), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎംഎഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണ് സൈനികരുടെ തൊഴില്‍ ശാക്തീകരണത്തിനായുള്ള പദ്ധതികൾ. ഐസിഎംഎഐ കോഴിക്കോട് മലപ്പുറം ചാപ്റ്ററിന്റെ കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്. വ്യോമസേനയില്‍ നിന്നുള്ള 3 പേര്‍, നാവികസേനയില്‍ നിന്നുള്ള 9 പേര്‍ കരസേനയില്‍ നിന്നുള്ള 27 പേര്‍ എന്നിവരാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഇവര്‍ എല്ലാവരും 2027 മാര്‍ച്ചിനകം സേനയില്‍ നിന്ന് വിരമിക്കുന്നവരാണ്. വിരമിക്കുന്ന സൈനികര്‍ക്ക് മികച്ച ജോലിയും വരുമാനവും തുടര്‍ന്നും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് ഇത്തരം പരീശീലനം നല്‍കുന്നത്. പഠനത്തിനായി നാലുമാസത്തെ അവധിയും എല്ലാവര്‍ക്കും അനുവദിക്കപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ വിവിധങ്ങളായ കോഴ്‌സുകള്‍ പരിശീലിപ്പിക്കുന്നുണ്ട്.കോഴിക്കോട് നടന്ന ഡിജിആര്‍ കാറ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ കോഴിക്കോട് നമ്പര്‍ 09 നേവല്‍ യൂണിറ്റ് എന്‍സിസി കമാന്റിങ് ഓഫീസര്‍ വിഷ്ണു ഇ.ജി. മുഖ്യാതിഥിയായിരുന്നു. ഡിജിആര്‍ ജോയന്റ് ഡയറക്ടര്‍ കമാന്‍ഡര്‍ രാഹില്‍, ഐസിഎംഎഐ കോഴിക്കോട് മലപ്പുറം ചാപ്റ്റര്‍ ചെയര്‍മാന്‍ ആദര്‍ശ് കെ.പി., സെക്രട്ടറി വിജിത്ത് പി. എന്നിവര്‍ സംസാരിച്ചു






