തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് (2026-27) അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്.വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 50,000 രൂപയാണ് പദ്ധതി വഴി ധനസഹായമായി ലഭിക്കുക. 1200 ചതുരശ്ര അടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകൾക്കാണ് ആനുകൂല്യം ലഭിക്കുക. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ (BPL) കുടുംബങ്ങൾക്ക് പദ്ധതിയിൽ മുൻഗണനയുണ്ടാകും.അപേക്ഷയോടൊപ്പം 2026-27 സാമ്പത്തിക വർഷത്തെ ഭൂനികുതി ഒടുക്കിയ രസീത്, റേഷൻ കാർഡിന്റെ പകർപ്പ്, വീടിന്റെ വിസ്തീർണ്ണവും അറ്റകുറ്റപ്പണിയുടെ ആവശ്യകതയും തെളിയിക്കുന്ന രേഖകൾ, കഴിഞ്ഞ 10 വർഷത്തിനിടെ മറ്റു സർക്കാർ ഏജൻസികളിൽ നിന്ന് ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.വകുപ്പിന്റെ പ്രത്യേക അപേക്ഷാ ഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ‘ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്’ എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ അയക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ഒക്ടോബർ 10 ആണ്.






