തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക ജാഗ്രത നിർദേശവുമായി കേരള പോലീസ്. സംസ്ഥാനത്ത് നിലവിൽ പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കും നിലനിൽക്കുന്നതിനാൽ അപകടസാധ്യത കണക്കിലെടുത്ത് ജലാശയങ്ങളിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.ബലി തർപ്പണത്തിനായി നദികൾ, മറ്റ് ജലാശയങ്ങൾ, കടൽ എന്നിവയിൽ ഇറങ്ങുന്നത് ഒഴിവാക്കണം. പകരം, ബലി തർപ്പണ ചടങ്ങുകൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമുകളോ അല്ലെങ്കിൽ അധികൃതർ നിർദേശിക്കുന്ന മറ്റ് സുരക്ഷിത സ്ഥലങ്ങളോ മാത്രം ഉപയോഗിക്കാൻ ഭക്തർ ശ്രദ്ധിക്കണം.സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ്, റവന്യൂ, ഫയർ ആൻഡ് റെസ്ക്യൂ, ലൈഫ് ഗാർഡ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ചടങ്ങുകൾക്ക് എത്തുന്നവർ കുട്ടികളുടെയും മുതിർന്നവരുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. തിരക്ക് നിയന്ത്രിക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.യാതൊരുവിധ അടിയന്തര സാഹചര്യങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ അറിയിച്ചു.






