spot_img
Tuesday, August 11, 2026

യാത്രാസൗജന്യത്തില്‍ പൂന്തോട്ടക്കാഴ്ച: ഗുണ്ടല്‍പേട്ടിലേക്ക് വനിതകളുടെ വൻ തിരക്ക്; പ്രിയദര്‍ശിനി ബസുകളില്‍ യാത്രാക്കാര്‍ നിയന്ത്രണാതീതം.



ബത്തേരി: സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലേക്ക് വനിതകളുടെ കുത്തൊഴുക്ക്.ബത്തേരി ഡിപ്പോയിലെ പ്രിയദർശിനി ബസുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളാണ് ബത്തേരിയിലെത്തി ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിക്കുന്നത്. ബത്തേരിയില്‍ വണ്ടിയിറങ്ങിയ ശേഷം ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറി പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ പോകുന്നവരും. യാത്ര തുടങ്ങിയാല്‍ തിരികെ വരും വരെ ബസില്‍ നിന്ന് ഇറങ്ങാത്തവരുമുണ്ട്.140 പേർ വരെ പലപ്പോഴും ബസില്‍ കയറുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. തങ്ങള്‍ പലപ്പോഴും ‘എയറി’ലാണെന്നാണ് കണ്ടക്ടർമാരുടെ പരാതി. തിങ്ങിനിറഞ്ഞ യാത്രക്കാർ നിമിത്തം കനം തൂങ്ങിയോടുന്ന ബസിനു വർക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാൻ നേരമില്ലെന്ന് കണ്ടക്ടർ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ബസ് ടയർ പൊട്ടി വഴിയില്‍ കിടന്നു. പല ബസുകളുടെയും ജോയിന്റും പൊട്ടുകയാണ്.കാല്‍ ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഓരോ ബസിന്റെയും കലക്ഷൻ. എന്നാല്‍ കയ്യില്‍ കിട്ടുന്നത് ശരാശരി 4000 രൂപ മാത്രം. ബാക്കിയെല്ലാം സൗജന്യയാത്രയുടെ തുകയാണ്. അത് സർക്കാരില്‍ നിന്ന് കിട്ടേണ്ട പണമാണ്. 50 പേരെ ഇരുത്തിയും 20 പേരെ നിർത്തിയും കൊണ്ടുപോകാവുന്നിടത്താണ് ഇരട്ടിയാളുകള്‍ കയറുന്നത്. എതിർപ്പു പറഞ്ഞാലും പലരും ഗൗനിക്കാറില്ല. ഇത്രയും ആളെ കയറ്റി പോകുന്നത് അപകട സാധ്യതയും വർധിപ്പിക്കും.ആകെ 3 ബസുകളാണ് ബത്തേരിയില്‍ നിന്ന് ഗുണ്ടപേട്ടിന് ഓടുന്നത്. രാവിലെ 6, 7, 9,10.20,12, ഉച്ചയ്ക്ക് 1, 2.20, വൈകിട്ട് 4.20 എന്നീ സമയങ്ങളിലാണ് ബത്തേരിയില്‍ നിന്ന് ട്രിപ്പുകളുള്ളത്.

ബത്തേരിയില്‍ നിന്ന് പുറപ്പെട്ട് 13 കിലോമീറ്റർ പിന്നിട്ടാല്‍ മുത്തങ്ങയെത്തും. പിന്നെ 7 കിലോമീറ്റർ വയനാട് വന്യജീവി സങ്കേതവും 19.5 കിലോമീറ്റർ ബന്ദിപ്പൂർ കടുവാ സങ്കേതവുമാണ് കാടു കഴിഞ്ഞാല്‍‌ ഗുണ്ടല്‍പേട്ട ടൗണ്‍ വരെയുള്ള 15 കിലോമീറ്റർ പൂപ്പാടങ്ങളും മറ്റും നിറഞ്ഞ കൃഷിയിടങ്ങളാണ്. ഇപ്പോള്‍ ട്രെൻഡായ മുന്തിരിത്തോട്ടവുമുണ്ട്. ഈ 15 കിലോമീറ്ററില്‍ 6 സ്റ്റോപ്പുകളാണുള്ളത്. ഈ സ്റ്റോപ്പുകളിലൊക്കെ ഇറങ്ങി തിരികെ കയറിയാണ് യാത്ര ആസ്വദിക്കുന്നത്. എന്നാല്‍ ചിലർ ബസില്‍ നിന്ന് ഇറങ്ങാറേയില്ല. കാഴ്ച കണ്ട് സീറ്റില്‍ തന്നെ ഇരിക്കും. കഴിഞ്ഞ ദിവസം യാത്രക്കാരില്‍ 35 പേർ ബസില്‍ തന്നെ ഇരുന്നെന്നും ഗുണ്ടല്‍പേട്ട ബസ് സ്റ്റാൻഡില്‍ ഇറങ്ങാതെ തിരികെ ബത്തേരി വരെ യാത്ര തുടർന്നെന്നും കണ്ടക്ടർ പറയുന്നു. ഗുണ്ടല്‍പേട്ടിനുള്ള യാത്ര സുഗമമാകണമെങ്കില്‍ ഒരു 100 ട്രിപ്പെങ്കിലും ഓടിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles