കോഴിക്കോട് : നഗരത്തിന് ഇത്തവണ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടാത്ത ഓണക്കാലം. വാഹനക്കുരുക്ക് അഴിക്കാൻ കമ്മിഷണറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടാണ് നഗരത്തിന് ആശ്വാസമായത്. പദ്ധതി വിജയിച്ചതോടെ അനധികൃത പാർക്കിങ് നിരോധനവും ഡ്രൈവർ മാത്രമുള്ള കാറുകൾക്ക് നഗരാതിർത്തിക്കുള്ളിലെ നിരോധനവും ഓണക്കാലത്തിനു ശേഷവും തുടരും. സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്കിൽ മുങ്ങുന്നതായിരുന്നു കോഴിക്കോട്ടെ സ്ഥിതി. അതു മുന്നിൽ കണ്ടാണ് ഓണക്കാലത്ത് പൊലീസിന്റെ ഇടപെടൽ.ഓണ അവധി തുടങ്ങിയ ശനിയാഴ്ച മുതൽ നഗരത്തിൽ അനധികൃത പാർക്കിങ് കർശനമായി നിരോധിച്ചു. പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങൾ പൊലീസ് തന്നെ കണ്ടെത്തി അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുത്തു. ഡ്രോൺ ഉപയോഗിച്ചുള്ള കർശനമായ നിരീക്ഷണവും വാഹന നിയന്ത്രണത്തിനു കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരും സജ്ജമായതോടെ നഗരം അധികം കുരുങ്ങാതെ രക്ഷപ്പെട്ടു.
പൈലറ്റ് പ്രോജക്ടായി നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ ഓണക്കാലത്തിനുശേഷവും അനധികൃത പാർക്കിങ് നിരോധനമടക്കം തുടരുമെന്ന് കമ്മിഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. നാലു ദിവസത്തിനിടെ അനധികൃതമായി പാർക്ക് ചെയ്ത നൂറിലധികം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ട്രാഫിക് എസിപി പി.സി. ചാക്കോയ്ക്കായിരുന്നു പദ്ധതി ചുമതല. കുരുക്കില്ലാത്ത കോഴിക്കോടിന് ജനങ്ങളും പിന്തുണ നൽകിയത് പൊലീസിനും ആവേശമായിട്ടുണ്ട്.






