കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി മുഖ്യമന്ത്രി വി ഡി സതീശൻ കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തി. കാക്കഞ്ചേരിയിലെ വെൽനെസ് സെന്ററിൽ ആയിരുന്നു കൂടിക്കാഴ്ച.ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ക്രിയാത്മകമായ ചർച്ചകൾ നടന്നതായി കൂടിക്കാഴ്ചക്ക് ശേഷം ഫേസ്ബുക്കിൽ കുറിച്ചു. മലേഷ്യയുമായുള്ള ചരിത്രപരമായ സൗഹൃദവും പ്രവാസി മലയാളികളുടെ പങ്കാളിത്തവും ഈ ബന്ധത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിനിടെ, തന്റെ ആത്മീയ ഗുരുവായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ കാണാനാണ് അൻവർ ഇബ്റാഹീം കേരളത്തിൽ എത്തിയത്. ഇന്നലെ കാരന്തൂർ മർകസിൽ എത്തി അദ്ദേഹം കാന്തപുരവുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നു. മർകസിൽ ഊഷ്മള സ്വീകരണമാണ് അൻവർ ഇബ്റാഹീമിന് നൽകിയത്. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ പ്രഥമ എക്സലൻസ് പുരസ്കാരം കാന്തപുരം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.ശേഷം ദക്ഷിണേന്ത്യയിയലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സി എം വലിയുല്ലാഹി മഖാമിലും കാന്തപുരത്തോടൊപ്പം അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.






