കോഴിക്കോട്: ജില്ലയിൽ അവശേഷിക്കുന്ന മുഴുവൻ നിരക്ഷരരെയും സാക്ഷരരാക്കി പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാക്ഷരതാ മിഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ തീരദേശ മേഖലകളിലും പട്ടികവർഗ്ഗ ഊരുകളിലുമായി 100 പുതിയ സാക്ഷരതാ ക്ലാസുകൾ ഒക്ടോബർ 2 മുതൽ ആരംഭിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവ്വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുനീർ എറവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് മുഖ്യപ്രഭാഷണം നടത്തുകയും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ 73 വയസ്സുകാരൻ ചൂലൻ കുട്ടിയെയും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സാക്ഷരതാ മിഷൻ പ്രേരകുമാരായ പി.പി. സാബിറ, പി.കെ. സുജന്ത, എ.പി. വിജയൻ, ടി.എം. ജിൽഷ, സംഗീത പി.വി. എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.






