ആത്മഹത്യയുടെ വക്കിലെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ സമയോചിതമായ ഇടപെടലിലൂടെ കേരള പോലീസ് സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പരുന്തുംപാറ സൂയിസൈഡ് പോയിൻ്റിന്റെ ഫോട്ടോയ്‌ക്കൊപ്പം “ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു” എന്ന് കാണിച്ച് ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് വന്ന വാട്സ്ആപ്പ് സന്ദേശമാണ് കുട്ടിക്ക് രക്ഷയായത്. വിവരം ലഭിച്ചയുടൻ ആലുവ സൈബർ പോലീസ് നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി സൈബർ സ്റ്റേഷൻ, കൺട്രോൾ റൂം എന്നിവരുടെ ഏകോപനത്തോടെ പീരുമേട് പോലീസ് അതിവേഗം സ്ഥലത്തെത്തുകയായിരുന്നു. പരുന്തുംപാറയിലെത്തി ഒന്നര മണിക്കൂറോളം നീണ്ട അനുനയ സംഭാഷണങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിലാണ് പോലീസ് സംഘം പെൺകുട്ടിയെ പിന്തിരിപ്പിച്ചത്. പീരുമേട് എസ്.എച്ച്.ഒ എസ്.ഐ അമൽ വർഗീസ്, ആലുവ സൈബർ ക്രൈം സി.ഐ എസ്. സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ മികവുറ്റ പ്രവർത്തനം അഭിനന്ദനാർഹമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് സഹായത്തിനായി കേരള പോലീസിന്റെ ‘ചിരി’ ഹെൽപ്പ്‌ലൈൻ നമ്പർ (9497900200) എപ്പോഴും ലഭ്യമാണ്.






