കോഴിക്കോട്: കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂൾ–കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് നോഡൽ ഓഫിസർമാരായ അധ്യാപകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 29ന് കോഴിക്കോട് ജയിൽ റോഡിലെ സ്പാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി ഐപിഎസ്. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് ഡിവിഷൻ നോഡൽ ഓഫിസർ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ഇ.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹിക വിരുദ്ധശക്തികളിൽ നിന്നും ക്യാംപസിനെ മോചിപ്പിക്കുന്നതിനും മയക്കു മരുന്നിന്റെ ഉപയോഗം കലാലയങ്ങളിലേക്ക് എത്തുന്നത് തടയുന്നതിനും അധ്യാപകരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്ക്’ എന്ന വിഷയത്തിൽ ഇ. സുനിൽ കുമാർ ക്ലാസ് നയിച്ചു. ‘വിദ്യാർഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതകളും അവയുടെ പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോനു.എസ്.ദേവ് ക്ലാസ് അവതരിപ്പിച്ചു. ‘ലോൺ ആപ്പുകളിലെ ചതിക്കുഴികൾ’ എന്ന വിഷയത്തിൽ കോഴിക്കോട് സിറ്റി സൈബർ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബീരജ് ബോധവൽക്കരണ ക്ലാസ് നടത്തി. വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ടുള്ള കിഡ്സ് ഗ്ലൗ പ്രോജക്ട്, ഡി-ഡിഎഡി പ്രോജക്ട്, ഹോപ്പ് പ്രോജക്ട്, കൂട്ട് പ്രോജക്ട് എന്നിവയെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബന്ധപ്പെട്ട കോർഡിനേറ്റർമാർ വിശദീകരിച്ചു. കുട്ടികൾക്കും കൗമാരക്കാർക്കും നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും സമയബന്ധിതമായി ഇടപെടുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുന്ന വിഷയങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തി. വിദ്യാർഥികളുടെ മാനസികാരോഗ്യം, സൈബർ സുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, കുട്ടികളുടെ സംരക്ഷണം എന്നിവയിൽ പൊലീസും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് പരിശീലന പരിപാടി ലക്ഷ്യമിട്ടു. ജനമൈത്രി പ്രോജക്ട് ജില്ലാ കോർഡിനേറ്റർ സജിത്ത് കുമാർ. വി.വി, കോഴിക്കോട് നോർത്ത് സോൺ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഷഹീദ് റംസാൻ, കോഴിക്കോട് സിറ്റി ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് അഷ്റഫ്.ടി.കെ, ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രേംജിത്ത്.എ, കോഴിക്കോട് മെഡിക്കൽ കോളജിലെ ഇഎൻഎച്ച്എഎൻഎസ് പ്രതിനിധി സോനു.എസ്.ദേവ്, കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് ഡിവിഷൻ അഡീഷനൽ നോഡൽ ഓഫിസർ ഹരിഹരൻ വി.കെ തുടങ്ങിയവർ പ്രസംഗിച്ചു.






