നടുവണ്ണൂർ : മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്കു തിരിച്ചേൽപിച്ചു ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. കോട്ടൂർ പഞ്ചായത്ത് വാകയാട് 12 ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ ഉഷാകുമാരിയും ശ്രീലതയുമാണു ഉടമയായ ചേനക്കരൻ കണ്ടി ഷാഹിനയ്ക്കു സ്വർണാഭരണം കൈമാറിയത്. തിങ്കളാഴ്ച രാവിലെ ഷാഹിനയുടെ വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വൈകിട്ട് തരംതിരിക്കുന്നതിനിടെയാണ് കവറിനുള്ളിൽ സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. കമ്മൽ, മാല, ബ്രേസ്‌ലറ്റ് എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് ലഭിച്ചത്. തുടരന്വേഷണത്തിൽ ആഭരണങ്ങൾ ഷാഹിനയുടേതാണെന്നു സ്ഥിരീകരിച്ചു. ഉഷാകുമാരിയും ശ്രീലതയും ചേർന്ന് ആഭരണങ്ങൾ ഉടമയ്ക്കു കൈമാറി.






