പരിചയമുള്ളവരുടെ പേരും പ്രൊഫൈൽ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ WhatsApp അക്കൗണ്ടുകൾ സൃഷ്ടിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പരിചയക്കാരുടെ പ്രൊഫൈൽ ഫോട്ടോയും പേരും മോഷ്ടിച്ചാണ് തട്ടിപ്പുകാർ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. തുടർന്ന് ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. പ്രൊഫൈൽ ഫോട്ടോ മാത്രം കണ്ട് പണം ആവശ്യപ്പെടുന്നത് പരിചയക്കാരാണെന്ന് ഉറപ്പാക്കരുതെന്നും പണം അയയ്ക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് ഫോണിൽ വിളിച്ചോ വീഡിയോ കോൾ ചെയ്തോ വിവരം സ്ഥിരീകരിക്കണമെന്നും പൊലീസ് നിർദേശിച്ചു. പെട്ടെന്നുള്ള ആശുപത്രി ആവശ്യങ്ങളോ മറ്റ് അടിയന്തര പണ ആവശ്യങ്ങളോ സംശയത്തോടെ കാണണം. പേരും ഫോട്ടോയും ശരിയാണെങ്കിലും സന്ദേശം വന്നത് പുതിയതോ അപരിചിതമായതോ ആയ നമ്പറിൽ നിന്നാണോ എന്നും പരിശോധിക്കണം. ആവശ്യമെങ്കിൽ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടും വിവരം സ്ഥിരീകരിക്കണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൗജന്യ ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കുകയോ www.cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണം.






