spot_img
Thursday, December 18, 2025

രണ്ടുപേര്‍ മരിച്ച അപകടം ബസ് ഡ്രൈവറുടെ പിഴവ് മൂലം; നടപടിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി.



പാലക്കാട് കുഴൽമന്ദം വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെ.എസ്.ആർ.ടി.സി.

ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോർട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാർ ബസിനും ലോറിക്കും ഇടയിൽപ്പെട്ടതെന്നാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ഇന്നലെ രാത്രിയാണ് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.അപകടമുണ്ടായ സംഭവത്തിൽ ബസിന്റെ ഡ്രൈവർക്കെതിരേ നടപടിയെടുക്കണമെന്ന് കെ.എസ്.ആർ.ടി.സി. ജില്ലാ ഓഫീസർ ശുപാർശ ചെയ്തു.

പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പോലീസിനോടും വിവരങ്ങൾ തേടിയ ശേഷമായിരുന്നു ജില്ലാ ഓഫീസറുടെ റിപ്പോർട്ട്.

അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ ചൊവ്വാഴ്ച രാവിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെ.എസ്.ആർ.ടി.സി. ബസാണെന്ന് വ്യക്തമായത്. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് യാഥാർഥ്യം പുറത്തുവന്നത്.റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്.

ഇതിനിടെ കെ.എസ്.ആർ.ടി.സി. ബസും ലോറിയെ മറികടക്കാൻ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആർ.ടി.സി. ഡ്രൈവർ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയിൽ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.

ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂർവം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ കേസെടുത്ത കുഴൽമന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സാബിത്ത് എന്നിവരയാണ് അപകടത്തിൽ മരിച്ചത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles