തിരുവനന്തപുരം: മന:പൂർവ്വം ഒരു മൈക്ക് ഓപ്പറേറ്ററൂം വിഐപിയുടെ പ്രസംഗം തടസ്സപ്പെടുത്തില്ലെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം തകരാറിൽ ആയതെന്നും രഞ്ജിത്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിയാലതിനെ തുടർന്ന് മൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിംഗൊക്കെ പതിവാണ്. ഇന്നലെ രാവിലെ കന്റോൺമെന്റ് സിഐ വിളിച്ചിരുന്നു. സ്റ്റേഷനിൽ വിളിച്ച് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ സാധനങ്ങളെല്ലാം സ്റ്റേഷനിലാണ്. ഇതെല്ലാം വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. കഴിഞ്ഞ 17 വർഷമായി ഈ മേഖലയിലുണ്ട്. രാഹുൽഗാന്ധി, പ്രധാനമന്ത്രി അടക്കമുള്ള എല്ലാവർക്കും പരിപാടിയിൽ മൈക്ക് നൽകിയിട്ടുണ്ട്. രാഹുൽഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെയുള്ള ഹൗളിംഗ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.






