spot_img
Thursday, December 18, 2025

കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണില്‍



കോവിഡ് മഹാമാരി കാരണം വിനോദസഞ്ചാരമേഖല ഇന്നുവരെ നേരിടാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് വകുപ്പിന്‍റെ ചുമതലയേല്‍ക്കുന്നത്.

കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുള്ള ടൂറിസം മേഖലയെ ഉണര്‍വ്വിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നു. ഏത് പ്രതിസന്ധിയെയും വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് കാരണമാക്കി മാറ്റുക എന്നുള്ളതായിരുന്നു പിന്നീട് ലക്ഷ്യം വെച്ചത്.

അതുകൊണ്ട് തന്നെ പ്രതിസന്ധിഘട്ടത്തില്‍ എന്തൊക്കെ ചെയ്യാനാകും, കോവിഡാനന്തര ടൂറിസം എങ്ങനെയായിരിക്കണം, ഇതാണ് പ്രധാനമായും ആലോചിച്ചത്. അതില്‍ ഏറ്റവും നവീനമായ പദ്ധതിയായിരുന്നു കാരവാന്‍ ടൂറിസം. പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ സാധിക്കാത്ത കാലത്ത് ജനങ്ങൾക്ക് എങ്ങനെ സുരക്ഷിതമായ യാത്ര ഒരുക്കാൻ സാധിക്കും എന്ന ചിന്തയിൽ നിന്നാണ് കാരവൻ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. സുരക്ഷിതമായ യാത്ര, താമസം, ഭക്ഷണം, എന്നിവയാണ് ഈ കാലത്ത് ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്നത്. കുറെ കാലം യാത്ര ചെയ്യാനാകാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന ജനങ്ങൾക്ക് കാരവൻ ടൂറിസം പദ്ധതി വലിയ പ്രതീക്ഷയും സാധ്യതയുമാണ്.

1980 കളിലാണ് കേരളത്തില്‍ ഹൗസ് ബോട്ടുകള്‍ വരുന്നത്. വിനോദസഞ്ചാര മേഖലയില്‍ അതൊരു പുതിയ ഉല്‍പ്പന്നമായിരുന്നു. ഇന്നും ഹൗസ്ബോട്ടുകള്‍ നമ്മുടെ ടൂറിസത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. പലകാരണത്താൽ പിന്നീട് ഒരു പുതിയ ഉൽപന്നം കേരള ടൂറിസത്തിൻ്റെ ഭാഗമായി കൊണ്ടുവരുവാൻ സാധ്യമായിട്ടില്ല. ഹൗസ്ബോട്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ കേരള ടൂറിസം അവതരിപ്പിക്കുന്ന പുതിയ ഉല്‍പ്പന്നമാണ് കാരവാന്‍.

2021 സെപ്തംബര്‍ 15 നാണ് കേരളത്തില്‍ കാരവാന്‍ ടൂറിസം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. അതിന് ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെപേര്‍ കാരവാന്‍ ടൂറിസത്തിന്‍റെ ഭാഗമാകുന്നതില്‍ താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നു. കാരവാന്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനം സജീവമായി. സ്വകാര്യമേഖലയില്‍ നിന്നും ഇതുവരെ 303 കാരവനുകള്‍ക്കായി 154 അപേക്ഷകള്‍ ടൂറിസം വകുപ്പിന് ലഭ്യമായിട്ടുണ്ട്.

ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി 67 പേര്‍ മുന്നോട്ട് വന്നുകഴിഞ്ഞു. ഇപ്പോള്‍ പദ്ധതി പ്രഖ്യാപിച്ച് അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയാണ്. കേരളത്തിന്‍റെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ വാഗമണിലാണ് ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ആരംഭിക്കുന്നത്. ഫെബ്രുവരി 25 ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് മന്ത്രി എന്ന നിലയിൽ കാരവൻ പാര്‍ക്ക് തുറന്നുകൊടുക്കും. ഇനി കാരവാനില്‍ കേരളം കാണാം..



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles